ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ വിവിധ സ്ഥലങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി.
ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്ന പോലീസുകാര്‍, പഴം, പച്ചക്കറി, പലചരക്ക് എന്നിവ വില്ക്കുന്നവര്, മരുന്ന് വില്ക്കുന്നവര് തുടങ്ങിയവരുമായും യെദിയൂരപ്പ സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ കേട്ടു.
പാസ് ഇല്ലാത്തതിനാല്‍ പോലീസ് തടയുന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ വ്യാപാരികള്‍ പങ്കുവെച്ചു. പൊതുജനങ്ങളുമായും യെദിയൂരപ്പ സംസാരിച്ചു. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശ പ്രകാരം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് വ്യാപാരം തുടരാമെന്നും അടുത്ത ദിവസങ്ങളില്‍ ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കണമെന്നും യെദിയൂരപ്പ പോലീസുകാരോട് നിര്‍ദേശിച്ചു.
ആശുപത്രിയില്‍ പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കൂടുതല്‍ പേര് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താതിരിക്കാന്‍ സാമൂഹ്യ അകലം പാലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.
യശ്വന്ത്പുര, ഗൊരുഗുണ്ടെപാളയ, ദാസറഹള്ളി, എം.ജി റോഡ് തുടങ്ങിയ വിവിധസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: