കോഴിക്കോട്: കാന്‍സര്‍ രോഗം പിടിമുറുക്കുമ്പോഴും ആതുര സേവനരംഗത്തും പൊതുരംഗത്തും സജീവമായിരുന്നു ഡോ. പി.എ. ലളിത. പ്രതിസന്ധികളെ ചിരിച്ച് തോല്‍പ്പിച്ച ആത്മ വിശ്വാ സത്തിന്റെ പര്യായമായിരുന്നു കോഴിക്കോട്ടുകാര്‍ക്ക് ഡോക്ടര്‍. കാന്‍സര്‍ പിടിമുറുക്കുമ്പോഴും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ചെയര്‍പേഴ്സണ്‍ പദവിയില്‍ അവര്‍ തുടര്‍ന്നത് ആ കരുത്തിലായിരുന്നു.
തമിഴ്നാട്ടില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ കുടുംബത്തിലെ അയ്യാവു ആചാരിയുടെയും രാജമ്മയുടെയും മകളായ ലളിതക്ക് പത്രപ്രവര്‍ത്തകയാകാനായിരുന്നു ചെറുപ്പത്തില്‍ മോഹം. പിന്നീട് എംബിബിഎസിന് ചേര്‍ന്നപ്പോഴും സാമൂഹികസേവനം എന്ന ആശയത്തില്‍ നിന്ന് മനസ്സ് വ്യതിചലിച്ചില്ല. പഠനശേഷം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ശിശുരോഗ വിദഗ്ധനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൂപ്രണ്ടുമായ ഡോ. എന്‍.എം മത്തായിയാണ് ലളിതയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചത്. സ്വന്തമായി ആശുപത്രി തുടങ്ങാനായിരുന്നു ഉപദേശം. അങ്ങനെ 1978ല്‍ ഡോ. പി.എ ലളിത കോഴിക്കോട്ടെത്തി. ഭര്‍ത്താവ് ഡോ. വി.എന്‍. മണി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു അക്കാലത്ത്. മണിയുടെ ജ്യേഷ്ഠ സഹോദരനും ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയറുമായ വി.എന്‍. ഗണേശന് നല്കിയ 900 രൂപയുമായാണ് കോഴിക്കോട്ടെത്തിയത്.
600 രൂപ ശമ്പളത്തിന് കോഴിക്കോട് സെന്റ് മേരീസ് ആശുപത്രിയിലാണ് സേവനം തുടങ്ങിയത്. പിന്നീട് 16 നഴ്സുമാരും മറ്റ് ജീവനക്കാരുമായി ആശുപത്രി തുടങ്ങി. 1983ല്‍ മലബാര്‍ ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യമായി. ഡോ. ലളിതയുടെ അദ്ധ്വാനവും നേതൃപാടവവും ദീര്‍ഘവീക്ഷണവും എല്ലാമാണ് മലബാര്‍ ഹോസ്പിറ്റലിനെ വന്സ്ഥാപനമാക്കി മാറ്റിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കാന്‍സര്‍, വൃക്കരോഗം എന്നിവ ബാധിച്ചവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്കി. കാന്‍സറിനെ മനക്കരുത്ത് കൊണ്ട് ചിരിച്ചു തോല്‍പ്പിക്കുകയായിരുന്നു ഡോ. പി.എ. ലളിത.
രണ്ടുവര്‍ഷം മാത്രമേ പരമാവധി ജീവിക്കൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും. ആത്മവിശ്വാസത്തിന്റെ കരുത്തുണ്ടായിരുന്നു അവര്‍ക്ക്. ആറാഴ്ചയ്ക്കുള്ളില്‍ അഞ്ചുതവണ വയറില്‍ ശസ്ത്രക്രിയ നടത്തി. അടുത്തതവണ ശസ്ത്രക്രിയക്ക് തുന്നല്‍ പ്രയാസമാണെന്നും ഡോക്ടര്‍മാര്‍ ലളിതയോട് പറഞ്ഞു. എന്നാല്‍ തന്റെ കടമകള്‍ അവസാനിച്ചിട്ടില്ലെന്നും ദൈവം നിശ്ചയിച്ചപോലെ രോഗികള്‍ക്ക് സാന്ത്വനംനല്‍കാന്‍ ഇനിയും ഉണ്ടാവണമെന്നും മനസ്സിലുറപ്പിച്ചാണ് പിന്നീടുളള ദിവസങ്ങളോരോന്നും ഡോ. ലളിത പിന്നിട്ടത്.
കാന്‍സറിനെതിരെയുള്ള ബോധവല്‍ക്കരണത്തിലും അവര്‍ സജീവ ഇടപെടല്‍ നടത്തു. ഇതിനായി കാന്‍സര്‍ ഫ്രീ കാലിക്കറ്റ് എന്ന സംഘടന രൂപീകരിച്ചു. അര്‍ബുദരോഗികള്‍ക്ക് കുറഞ്ഞ ചെലവിലാണ് ലളിതയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ആശുപത്രി ചികിത്സ ഒരുക്കിയത്. അര്‍ബുദത്തോട് മാറിനില്ക്കാന് പറഞ്ഞാണ് ഡോക്ടര്‍ ഇക്കാലമത്രെയും മുന്നോട്ടു പോയത്. ആ യാത്ര ഇന്നലെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: