കോഴിക്കോട്: വിഷുവെത്തിയിട്ടും തീരദേശ മേഖല വറുതിയില്‍. കോവിഡ് പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ ധനസഹായം ഇതുവരെ ഗുണഭോക്തക്കള്‍ക്ക് ലഭിച്ചിട്ടില്ല. ജില്ലയില്‍ ഏതാണ്ട് 11000 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ പണം ലഭിക്കാത്തതുമൂലം മത്സ്യ തൊഴിലാളികള്‍ വിഷുവിനും പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ അനുവാദമുണ്ടെങ്കിലും കൊറോണക്കാലത്ത് വറുതിമാറ്റാന്‍ ഇതൊന്നും പ്രായോഗികമായിട്ടില്ല. കടുത്ത നിബന്ധനകളോടെ നടപ്പാക്കുന്ന മത്സ്യബന്ധന അനുവാദത്തോട് മത്സ്യത്തൊഴിലാളി സമൂഹം അനുകൂലമായല്ല പലയിടങ്ങളിലും പ്രതികരിച്ചതും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ ധനസഹായം വിഷുവിന് മുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍ . ഇന്ന് ഫയല്‍ ട്രഷറിയില്‍ നല്‍കുമെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്.ശനി, ഞായര്‍ അവധി ദിവസങ്ങളാണെങ്കിലും ഓഫീസില്‍ ഇതിനായി അടിയന്തര സ്വഭാവത്തോടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സുദീപ് കിഷന് പറഞ്ഞു. ട്രഷറിയില്‍ നിന്ന് ഗുണഭോക്തക്കളുടെ അക്കൗണ്ടുകളിലേക്ക് ഇന്നു തന്നെ തുക കൈമാറുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷത്തെ മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിലേക്കുള്ള അവസാന ഗഡു അടക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ടതിനാലാണ് അവസാന ഗഡു അടക്കാന്‍ കഴിയാതെ വന്നത്. അവസാന ഗഡു അടക്കുന്നത് ഒഴിവാക്കണമെന്നാണ് തൊഴിലാളികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മത്സ്യബന്ധനം അവശ്യ സേവനമായി പ്രഖ്യാപിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളങ്ങളില്‍ നിബന്ധനകളോടെ മീന്‍ പിടിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും പല ഹാര്‍ബറുകളിലും തൊഴിലാളികള്‍ ഇത് ബഹിഷ്കരിച്ചിരിക്കുകയാണ്. ഹാര്‍ബര്‍ മാനേജിംഗ് കമ്മിറ്റി അടിച്ചേല്‍പ്പിച്ചതില്‍ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും അസംതൃപ്തരാണ്. ചോമ്പാല്‍, കൊയിലാണ്ടി ഹാര്‍ബറുകളില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവ് അനുസരിച്ച് മീന്പിടിക്കേണ്ടെന്ന് സംയുക്തമായി തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കാനാണ് മാനേജിംഗ് സമിതി എന്നാണ് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നത്. എന്നാല്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ മാതൃകാപരമായി ഇത് നടപ്പാക്കുന്നുണ്ടെന്ന് ഫിഷറീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ അഞ്ചാറു മാസമായി തൊഴിലില്ലാതെ വലയുന്ന കടലോര ജനതയ്ക്ക് കൊറോണ രോഗവ്യാപനഭീതിമൂലമുണ്ടായ നിയന്ത്രണങ്ങള്‍ കൂടുതല്‍ ദുരിതമാണ് സമ്മാനിച്ചത്. തീരദേശ മേഖലയില്‍ ജനസാന്ദ്രത കൂടിയതിനാല്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ പൂര്‍ണ്ണമായും നടപ്പാക്കാനാണ് മത്സ്യതൊഴിലാളി സമൂഹം തീരുമാനിച്ചത്. എന്നാല്‍ ഇതിനിടയില്‍ സാമ്പത്തികമായി പിന്നാക്കമുള്ള തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.
സന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ മാത്രമാണ് ഒരേയൊരു സഹായം. ജന്‍ധന്‍ അക്കൗണ്ടിലൂടെ സ്ത്രീകള്‍ക്കു കേന്ദ്ര സഹായമായി ലഭിച്ച 500 രൂപയാണ് ഏക ആശ്വാസം. അടിയന്തിര ധനസഹായമായി 5000 രൂപയെങ്കിലും അനുവദിക്കണമെന്നും തീരദേശ മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നുമാണ് തീരദേശമത്സ്യത്തൊഴിലാളി സമൂഹം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: