പത്തനംതിട്ട: കൊറോണപ്രതിരോധത്തിന്റെയും ലോക്ഡൗണിന്റേയും ഭാഗമായി ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഉച്ചഭക്ഷണം നല്കുന്നവരില് പത്തിലൊന്നുപേര്‍ക്കുപോലും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല. കമ്മ്യൂണിറ്റികിച്ചണ്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സര്‍ക്കാര്‍ നല്കുന്ന കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് പ്രഭാത ഭക്ഷണവും അത്താഴവും ലഭിക്കാതെ ആയിരങ്ങള്‍ ജില്ലയില്‍ പട്ടിണികിടക്കുന്നതായി മനസ്സിലാകുന്നത്.
മാര്‍ച്ച് 26ന് ആണ് ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഭക്ഷണവിതരണം ആരംഭിച്ചത്.അന്നുമുതല്‍ ഇന്നലെവരെയുള്ള പതിനേഴ്ദിവസങ്ങളിലായി വിതരണം ചെയ്തത് 1,44,711ഭക്ഷണ പൊതികളാണ്.ഇതില്‍ 12,077 പ്രഭാത ഭക്ഷണ പൊതികളും 1,21,206 ഉച്ചഭക്ഷണ പൊതികളും 1,428 അത്താഴവും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി വിതരണം ചെയതത്.
ജില്ലയില്‍ നാലു മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്. 62കമ്മ്യൂണിറ്റി കിച്ചണുകളിലായി കഴിഞ്ഞപതിനേഴ് ദിവസം കൊണ്ടാണ് 1,21,206 ഉച്ചഭക്ഷണപൊതികള്‍ വിതരണം ചെയ്തത്. അതായത് ഒരുദിവസം ഒരുകമ്മ്യൂണിറ്റി കിച്ചണ്‍ വഴി ശരാശരി 114 പൊതിമാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മറ്റൊരുകാര്യംകൂടി വെളിപ്പെടുന്നു. ഉച്ചഭക്ഷണം ലഭിക്കുന്ന എല്ലാവര്ക്കും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല. എല്ലാവര്ക്കും എന്നല്ല ഉച്ചഭക്ഷണം ലഭിക്കുന്നവരുടെ പത്തിലൊന്ന് ആളുകള്‍ക്കുപോലും രാവിലെത്തെയും വൈകിട്ടത്തേയും ഭക്ഷണം ലഭിക്കുന്നില്ല.
ജീവിതശൈലീരോഗബാധിതരായ നിരവധി ആളുകള്‍ ഉള്ള ജില്ലയില്‍ ഭക്ഷണ ദൗര്‍ലഭ്യം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. സേവാഭരതിഅടക്കമുള്ള സന്നദ്ധസംഘടനകളും ബിജെപി,യുവമോര്‍ച്ച അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും നൂറുകണക്കിന് ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കമ്മ്യൂണിറ്റികിച്ചണുകള്‍ മുഖാന്തിരമേ ഭക്ഷണം നല്‍കാവൂ എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ പലയിടത്തും ഭക്ഷണ വിതരണം തടസ്സപ്പെട്ടു.
കമ്മ്യൂണിറ്റി കിച്ചണുകളില്‍ നേരിട്ടെത്തി ഭക്ഷണം മേടിക്കുന്നവര്‍ക്ക് 20 രൂപയും വീടുകളില്‍ എത്തിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന് അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: