കാസര്‍കോട്: കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച കാസര്‍കോട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 വിഭാഗക്കാര്‍. ഇതില്‍ ഭൂരിഭാഗം പേരും പിഎസ്‌സി റാങ്ക് പട്ടികയിലുണ്ടായിട്ടും താല്‍ക്കാലികമായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. സമൂഹത്തിന്റെ താഴെത്തട്ടില്‍ പരിഭവങ്ങള്‍ ഉള്ളിലൊതുക്കി ഇവരിലേറെയും ഇന്നും കര്‍മ്മനിരതരാണ്. കാറ്റഗറി നമ്പര്‍ 666/2012 റാങ്ക് പട്ടികയിലാണ് നിയമനം നടക്കാത്തത്. 2009 എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തികച്ചും അന്യായമായി സൃഷ്ടിച്ച 97 സൂപ്പര്‍ ന്യൂമറി പോസ്റ്റുകളാണ് ഇവരുടെ സ്ഥിര നിയമനത്തിന് തടസ്സമായത്.
റാങ്ക് പട്ടിക നിലവിലുണ്ടായിരുന്ന കാലയളവില്‍ 82 ഒഴിവുകള്‍ ഉണ്ടായിരുന്നു. അതിലാണ് മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ കൊണ്ടുവന്ന് സൂപ്പര്‍ ന്യൂമറി നിയമനം നടത്തിയത്. കാസര്‍കോടൊഴികെയുള്ള ജില്ലകളില്‍ പട്ടികയിലുള്ള പകുതിയിലധികം പേര്‍ക്ക് നിയമനം ലഭിച്ചു കഴിഞ്ഞതായി ജെ.പി.എച്ച്.എന്‍. ഗ്രേഡ് 2 റാങ്ക് പട്ടികയിലുള്ളവര്‍ പറയുന്നു.
കാസര്‍കോട്ടുകാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്രൂണലില്‍ നല്‍കിയ കേസിന്റെ വിധിയില്‍ കോടതി കണ്ടെത്തിയ 60 പ്രൊവിഷണല്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിഎംഒയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ 21 ഒഴിവുകള്‍ വെറെയും ഉണ്ടായിരുന്നു. പക്ഷെ ഇതില്‍ ഏഴ് ഒഴിവുകള്‍ മാത്രം നികത്തി ഇടതുപക്ഷ യൂണിയനില്‍പ്പെട്ട ചില നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി പട്ടിക റദ്ദാക്കുകയാണ് പിഎസ്‌സി ചെയ്തത്.
ആരോഗ്യപരിപാലന മേഖലയില്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിരോധ കുത്തിവെയ്‌പ്പുകള്‍, വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മറ്റി, അംഗന്‍വാടികളിലെ ന്യൂട്രീഷന്‍ ക്ലാസുകള്‍, ആഴ്ചകളിലെ ഗര്‍ഭിണികളുടെ ക്ലിനിക്, ജീവിതശൈലി രോഗ നിര്‍ണയ ക്ലിനിക്, പിഎച്ച്‌സി ഡ്യൂട്ടി, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഗര്‍ഭിണികളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ജെപിഎച്ച് നഴ്‌സുമാര്‍ ചെയ്യുന്നുണ്ട്.
കൊവിഡിന്റെ സമൂഹവ്യാപനം തടയുന്നതില്‍ ഇവര്‍ വലിയ പങ്കാണ് വഹിച്ചത്. നിലവിലുള്ള ഈ റാങ്ക് പട്ടികയിലെ ഭൂരിപക്ഷം പേരും പ്രായപരിധി കഴിഞ്ഞവരായതിനാല്‍ ഇനിയിവര്‍ക്ക് പരീക്ഷയെഴുതാനും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: