വിശ്വവിഖ്യാതനായ സംഗീതജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍ ഇതെല്ലാമായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാള്‍ (1813-1846). കവിതയുടെയും സംഗീതത്തിന്റെയും ലോകത്താണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും. മാതാവിന്റെ മരണശേഷം മാതൃസഹോദരിയായ റാണി പാര്‍വതി ഭായിയുടെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള വാര്യരുടെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ബാല്യത്തിലേ സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യം നേടാനായി. ഇംഗ്ലീഷ്, ഫ്രഞ്ച്, പാഴ്‌സി, ഗുജറാത്തി, മറാഠി, ഹിന്ദുസ്ഥാനി, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ 14 ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. 16 വയസ്സിലാണ് അദ്ദേഹം രാജ്യഭരണമേറ്റത്.
സ്വാതി തിരുനാളിന്റെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് ഭക്തി ആയിരുന്നു. സംഗീതത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കി അദ്ദേഹം ഭാരതത്തിലെ പ്രമുഖ ഭാഷകളിലെല്ലാംസംഗീത രൂപങ്ങള്‍ രചിച്ചു. സംഗീത ത്രിമൂര്‍ത്തികള്‍ അദ്ദേഹത്തിന്റെ സമകാലികരായിരുന്നു. വേദാന്ത ചിന്തകളും നിഷ്‌കളങ്ക ഭക്തിയും ആത്മീയ വിശുദ്ധിയും ശാസ്ത്രീയതയും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കാണാം. രാജ്യഭരണവും സംഗീത രചനകളില്‍ സഹായകമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ചോളപുരം രഘുനാഥ റാവു, സാരംഗി വിദ്വാന്‍ തഞ്ചാവൂര്‍ ചിന്താമണി, കണ്ണയ്യ ഭാഗവതര്‍ മേരുസ്വാമി എന്ന ഹരികഥാവിദഗ്ധന്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സുലൈമാന്‍ സാഹിബ്, ഇരയിമ്മന്‍ തമ്പി, ശിവാനന്ദന്‍, പൊന്നയ്യ, ചിന്നയ്യ, വടിവേലു തുടങ്ങിയവര്‍ സ്വാതിതിരുനാളിന്റെ സംഗീത സദസ്സിനെ സദസ്സിനെ അലങ്കരിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിതനായിരുന്നതിനാല്‍ ഏതു രാജ്യത്തെ സംഗീതജ്ഞന്മാരുമായും സംഭാഷണം നടത്താനും സംഗീത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സംഗീത ചിന്തകളും താല്പര്യങ്ങളും വിപുലീകരിക്കുവാനും കഴിഞ്ഞു. സംഗീത ശാസ്ത്രത്തിലും നാട്യശാസ്ത്രത്തിലുമുണ്ടായിരുന്നു അപാര പാണ്ഡിത്യം. ഗുരുമുഖത്തു നിന്നുള്ളതിനുപരിയായി കലാകാരന്മാരുമായുള്ള സമ്പര്‍ത്തിലൂടെയും സംഗീതപരമായ കഴിവുകള്‍ വികസിപ്പിച്ചു. പല രാഗങ്ങളിലായി അനേകം വര്‍ണ്ണങ്ങളും, പദവര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളും, താന വര്‍ണ്ണങ്ങളും തില്ലാനകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ശങ്കരാഭരണം രാഗത്തില്‍ ‘ചലമേല’, കാംബോജി രാഗത്തില്‍ ‘സരസിജനാഭ’ തുടങ്ങിയ അടതാള താന വര്‍ണ്ണങ്ങള്‍ അദ്ദേഹത്തിന്റേതാണ്. നൃത്തവുമായി ബന്ധപ്പെട്ട ധാരാളം കലാകാരന്മാരുമായി അദ്ദേഹം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഇത് പദ വര്‍ണ്ണങ്ങള്‍ക്ക് അനുയോജ്യമായ സംഗീതകൃതികള്‍ ചിട്ടപ്പെടുത്താനും ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങള്‍ക്കുള്ള സംഗീതം ചിട്ടപ്പെടുത്താനും സഹായിച്ചു. സ്വാതി തിരുനാളിന്റെ ‘സുമ സായക’ എന്ന പദ വര്‍ണ്ണം വളരെ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ വര്‍ണ്ണങ്ങളില്‍ ഒരു പദവര്‍ണ്ണം മലയാളത്തിലും രണ്ട് താന വര്‍ണ്ണങ്ങള്‍ തെലുങ്കിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഏകദേശം നാനൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1917ല്‍ പ്രസിദ്ധരികരിച്ച ‘ബാലാമൃതം’ എന്ന പുസ്തകത്തില്‍ അദ്ദേഹത്ത ന്റെ 125 കൃതികള്‍ മാത്രമേ പൂര്‍ണമായും സ്വരപ്പെടുത്തി കാണുന്നുള്ളൂ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ സ്വാതി തിരുനാള്‍ കൃതികള്‍ പ്രചരിപ്പിക്കുവാന്‍ ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ശ്രീനിവാസ അയ്യര്‍ അദ്ദേഹത്തിന്റെകച്ചേരികളില്‍ സ്വാതിതിരുനാള്‍ കൃതികള്‍ പാടുകയും ശിഷ്യന്മാരെ കൊണ്ട് പാടിക്കുകയും ചെയ്തു. സ്വാതി തിരുനാളിന്റെ ‘ഭാവയാമി രഘുരാമം ‘ എന്ന കൃതി രാഗമാലികയാക്കി മാറ്റിയത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ ആരാണ്. ഈ സ്വാതിതിരുനാള്‍ കീര്‍ത്തനം രാമായണത്തിലെ ആറു ഖണ്ഡങ്ങളും സംക്ഷിപ്തമായി സ്വീകരിച്ചു കൊണ്ടുള്ളതായിരുന്നു. വളരെ ഭക്തി പൂര്‍ണ്ണമായ ഒരു രചനയായിരുന്നു ഭാവയാമി രഘുരാമം. അതിന് കാരണം അദ്ദേഹം ഒരു പത്മനാഭസ്വാമി ഭക്തനായിരുന്നു എന്നത് തന്നെയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: