കണ്ണൂർ: ശമ്പളം ലഭിക്കാതെ പട്ടിണി കിടക്കുന്നതിനിടയിലാണ് കൂനിന്മേല്‍ കുരുവായി ലോക്ഡൗണ്‍ എത്തിയത്. വീട്ടില്‍ നിന്നു പുറത്തിറങ്ങാനാവാതെ വനവാസി തൊഴിലാളികള്‍ നയാപൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാമൂഹ്യ പെന്‍ഷന്‍ അടക്കം സമസ്ത മേഖലയിലെയും തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലോക്ഡൗണിന്റെ മറവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കാടിന്റെ മകളായ വനവാസി തൊഴിലാളികള്‍ കഴിഞ്ഞദിവസം ലഭിച്ച സൗജന്യറേഷന്‍ അരി കൊണ്ടുമാത്രം തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ്.
തുടര്‍ച്ചയായി കൂലി ലഭിക്കാതെ കഷ്ടപ്പെടുന്ന ഇവരുടെ ദുരിതത്തിന് എന്ന് അറുതി വരും എന്നുള്ള ചോദ്യം ഉയരുകയാണ്. നാമമാത്രമായ കൂലി ലഭിക്കുന്ന ദിവസവേതനക്കാരായ തൊഴിലാളികളും മാസവരുമാനം മുന്നില്‍കണ്ട് ബാങ്കുകളില്‍ നിന്നും മറ്റും വായ്‌പയെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്ന സ്ഥിരം തൊഴിലാളികളും കടം തിരിച്ചടയ്‌ക്കാനാവാതെയും മറ്റും ബുദ്ധിമുട്ടുകയാണ് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ ഉള്‍ക്കൊള്ളുന്ന ഇടത് തൊഴിലാളി സംഘടനയായ സിഐടിയു നേതൃത്വം തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല. തൊഴിലാളികള്‍ ദുരിതമനുഭവിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകൂടത്തിനെതിരെ ചെറുവിലനക്കാന്‍ ഇവിടുത്തെ സിഐടിയു നേതൃത്വം തയ്യാറാവത്തത് തൊഴിലാളികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സ്വന്തമായി വീട് നിര്‍മാണം ആരംഭിച്ച വനവാസികള്‍ സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കാത്തതിനാല്‍ വീടുപണി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാമിനകത്തെ റോഡുകള്‍ എല്ലാം പൊട്ടി പൊളിഞ്ഞു യാത്ര ദുഷ്‌കരമായി കിടക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന മികച്ച ഫലവൃക്ഷതൈകള്‍ ലഭ്യമായിരുന്ന ഫാമിലെ നഴ്‌സറിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി കിടക്കുകയാണ്. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പ്രത്യേകം അനുമതിയോടെ കശുവണ്ടി ശേഖരണം നടക്കുന്നുവെന്നതാണ് ഏക ആശ്വാസം.
മാസങ്ങളായി ചെയ്ത ജോലിക്ക് കൂലി ലഭിച്ചില്ലെങ്കിലും ഏതാനും തൊഴിലാളികള്‍ ആത്മാര്‍ത്ഥതയോടെ കശുവണ്ടി ശേഖരണത്തിനായി ഇപ്പോഴും ഫാമില്‍ എത്തുന്നതായി ഫാമിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. റബ്ബര്‍ തെളിക്കാന്‍ അനുമതിയില്ലാതെ അതില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുകയാണ്. ഏതാണ്ട് 58 ബാരല്‍ റബ്ബര്‍ ഫാമില്‍ കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ 27 മുതല്‍ പ്രത്യേക അനുമതിയോടെ ശേഖരിച്ച് തുടങ്ങിയ കശുവണ്ടി അടക്കം 20 ടണ്‍ കശുവണ്ടിയും ഫാമില്‍ സ്റ്റോക്കുണ്ട്. നേരത്തെ കൊല്ലം ആസ്ഥാനമായ കാപക്‌സ് കശുവണ്ടിക്കായി അഡ്വാന്‍സ് തുക നല്‍കിയതിനാല്‍ ഇത് ഉപയോഗിച്ച് ഒരു മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയുണ്ടായി. കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് കണ്ട് കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ കോടിക്കണക്കിന് രൂപ ചിലവഴിക്കുന്ന സംസ്ഥാന ഭരണകൂടവും കൃഷി വകുപ്പും കാര്‍ഷിക സമൃദ്ധിയുടെ ഗതകാല സ്മരണകള്‍ അയവിറക്കുന്ന ഈ പച്ചതുരുത്തിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ആസന്ന ഭാവിയില്‍ ഫാമിന്റെ നാശമായിരിക്കും ഫലം. അതുവഴി കാലങ്ങളായി ഫാമിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതവും വഴിമുട്ടും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: