കൊറോണ കാലത്ത് ലോകം ഏറ്റവും കൂടുതല്‍ ആദരവോടെ ഓര്‍മ്മിക്കുന്ന പേര് ഒരു ഭാരതീയന്റേതാണ്. ആചാര്യ പ്രഫുല്ല ചന്ദ്ര റേ. ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കൊറോണയ്ക്കെതിരെ ഏറ്റവും കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ 70 ശതമാനവും നിര്‍മിക്കുന്നത് പ്രഫുല്ല ചന്ദ്ര റേ സ്ഥാപിച്ച ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. രാജ്യത്തെ ആദ്യത്തെ മരുന്ന് നിര്‍മാണ കമ്പനിയാണിത്. മലേരിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് കൊറോണയ്ക്കും ഫലപ്രദമാണെന്ന നിഗമനം ലോക രാജ്യങ്ങളെയാകെ ഇന്ത്യയിലേക്ക് അടിപ്പിച്ചിരിക്കുകയാണ്. അമേരിക്കയും ബ്രസീലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ മരുന്നിനായി ഇന്ത്യയെ സമീപിച്ച സാഹചര്യത്തില്‍ പ്രഫുല്ല ചന്ദ്ര റേയും അദ്ദേഹത്തിന്റെ ഫാര്‍മസ്യൂട്ടിക്കല്‍സും ഇന്ന് ചര്‍ച്ചയാകുകയാണ്. ഹൈഡ്രോക്സി ക്ലാറോക്വിന്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖല സ്ഥാപനവും ഇതാണ്. കൊല്‍ക്കത്ത ആസ്ഥാനമായാണ് പ്രവര്‍ത്തനം. വര്‍ഷങ്ങള്‍ക്ക് മുന്നേ നിര്‍ത്തിവച്ച ഹൈഡ്രോക്സി ക്ലോറോക്വിന് നിര്‍മാണം അടിയന്തിര ആവശ്യം മുന്‍നിര്‍ത്തി വീണ്ടും ആരംഭിച്ചു.
ചരിത്രത്തിന്റെ വിസ്മൃതി താളുകളിലായിരുന്നു നാളിതുവരേയും ആചാര്യ പ്രഫുല്ല ചന്ദ്ര റേയുടെ സ്ഥാനം. അങ്ങനെ വിസ്മരിക്കപ്പെടേണ്ടതല്ല ആ വ്യക്തിത്വം. 1861 ആഗസ്റ്റ് 2ന് പഴയ ബംഗാളിലെ ഖുല്‍നാ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവിടെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു ഒമ്പത് വയസ്സുവരെ പഠനം. ഹേര്‍ സ്കൂള്‍, ആല്‍ബര്‍ട്ട് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം.
1879ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ വിജയിച്ച് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും അതീവ താല്‍പര്യമുണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്നും ആ വിഷയങ്ങള്‍ പഠിച്ചു. ബിരുദ പഠന കാലത്ത് ഒരു അഖിലേന്ത്യാ മത്സരത്തില്‍ പങ്കെടുത്ത് ഗില്‍ക്രിസ്റ്റ് സ്കോളര്‍ഷിപ്പ് നേടി. ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ പുനര്‍പഠനത്തിനായി ചേര്‍ന്നു. 1887ല്‍ അവിടെ നിന്നും ഡിഎസ്സി ബിരുദം പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ തിരിച്ചെത്തിയ റേ 1889ല്‍ പ്രസിഡന്‍സി കോളേജില്‍ കെമിസ്ട്രി അധ്യാപകനായി ചേര്‍ന്നു. 27 വര്‍ഷം ഇവിടെ സേവനമനുഷ്ഠിച്ചു.
1892ല്‍ 700 രൂപ മുതല്‍മുടക്കില്‍ ബംഗാള്‍ കെമിക്കല്‍ വര്‍ക്സ് ലബോറട്ടറിക്ക് രൂപം കൊടുത്തു. 1893ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ മെഡിക്കല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇവിടെ നിര്‍മിച്ച ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത്. 1901 ആയപ്പോഴേക്കും രണ്ട് ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് ബംഗാള്‍ കെമിക്കല്‍ വര്‍ക്സ് എന്നത്, ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ വര്‍ക്സായി പരിവര്‍ത്തനപ്പെടുത്തി. ബംഗാള്‍ കെമിക്കല്‍സിന്റെ വളര്‍ച്ചയും അതിവേഗത്തിലായിരുന്നു. 1905ല്‍ കൊല്‍ക്കത്തയിലെ മണിക്തലയില്‍ ആദ്യത്തെ ഫാക്ടറിയും 1920ല്‍ പാനിഹട്ടിയില്‍ രണ്ടാമത്തെ ഫാക്ടറിയും സ്ഥാപിതമായി. 1938ല്‍ മുംബൈയിലാണ് മൂന്നാമത്തെ ഫാക്ടറി സ്ഥാപിച്ചത്.
1895ലാണ് പ്രഫുല്ല ചന്ദ്ര റേ, മെര്‍ക്യുറസ് നൈട്രേറ്റ് കണ്ടുപിടിച്ചത്. റേയും ഗവേഷക വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൈട്രേറ്റുകളേയും ഹൈപ്പോനൈട്രേറ്റുകളേയും സംബന്ധിച്ചുള്ള ഒരു പഠന ശാഖ തന്നെ വളര്‍ത്തിയെടുത്തു. ഭാരതീയ പൈതൃകത്തില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു എന്നുവേണം പറയാന്‍. പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ പഠിച്ചു. സംസ്കൃതത്തിലും പ്രാകൃത ഭാഷയിലും ലഭ്യമായ കൈയെഴുത്ത് പ്രതികള്‍, വിശേഷിച്ചും ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സമഗ്രമായി പഠനവിധേയമാക്കി. അതിലെല്ലാം പരാമര്‍ശിക്കുന്ന പല നിര്‍മാണ വിദ്യകളും സ്വയം പരീക്ഷിച്ചു. അതെല്ലാം സംഗ്രഹിച്ച് ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം എന്നപേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു. അറേബ്യയിലും യൂറോപ്പിലും നിലനിന്നിരുന്ന ആല്‍ക്കെമിയാണ് പ്രാചീനകാല രസതന്ത്രം എന്ന് വിശ്വസിച്ചിരുന്നവര്‍ക്ക്, റേയുടെ കണ്ടെത്തലുകള്‍ അത്ഭുതമുളവാക്കി.
1919ല്‍ ബ്രിട്ടീഷ് ഭരണകൂടം നൈറ്റ്(സര്) പദവി നല്കി ആദരിച്ചു. ഇന്ത്യന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായി 1924ല്‍ റേ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടണ്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഓണററി ഫെല്ലോ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1944 ജൂണ്‍ 16ന് തന്റെ 82-ാം വയസില്‍ ആചാര്യ പ്രഫുല്ല ചന്ദ്ര റേ അന്തരിച്ചു. 2011ല്‍ അദ്ദേഹത്തിന്റെ 150-ാം ജന്മ വാര്‍ഷികത്തില്‍ ദി റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, കെമിക്കല്‍ ലാന്‍ഡ്മാര്‍ക്ക് ഫലകം സമര്‍പ്പിച്ചത് റേയ്ക്കാണ് എന്നതും ശ്രദ്ധേയം. ആ ബഹുമതിക്ക് അര്‍ഹനാവുന്ന യൂറോപ്യന്‍ അല്ലാത്ത ആദ്യ വ്യക്തിയും ആചാര്യ റേയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: