മക്കളേ,
ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകുന്നവരാണ് നമ്മളില്‍ പലരും. വാസ്തവത്തില്‍ മഹത്തായ ശക്തിയും അത്ഭുതകരമായ കഴിവുകളും ഓരോരുത്തരുടെയും ഉള്ളിലുണ്ട്. എന്നാല്‍ സാധാരണയായി ആ ശക്തിയെയും കഴിവുകളെയും അറിയാതെയും ഉണര്‍ത്താതെയും നമ്മുടെ ജീവിതം കടന്നുപോകുകയാണ് പതിവ്. ചില ആപദ്ഘട്ടങ്ങളില്‍ ചിലരില്‍ അത്ഭുതകരമായ കഴിവുകള്‍ പ്രകടമായതിന്റെ അനുഭവങ്ങള്‍ നമ്മള് കേട്ടിട്ടുള്ളതാണല്ലോ. മനസ്സിനെ ശാന്തമാക്കി ആത്മവിശ്വാസത്തോടെ ഉള്ളിലേക്ക് തിരിഞ്ഞുനോക്കാന്‍ നമ്മള് തയ്യാറായാല്‍ ഏതു സാഹചര്യത്തെയും നേരിടാനും വിജയം വരിക്കാനുമുള്ള ശക്തി നമുക്കു കണ്ടെത്താന്‍ കഴിയും.
ഒരിക്കല്‍ അതിപ്രശസ്തനായ ഒരു സംഗീതജ്ഞന് ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു സദസ്സിനു മുമ്പാകെ തന്റെ പരിപാടി അവതരിപ്പിക്കാന്‍ എത്തി. പരിപാടി തുടങ്ങി. സംഗീതജ്ഞന് തന്റെ ഇഷ്ടമേറിയ വയലിന് കൈയിലെടുത്ത് ആലാപനം ആരംഭിച്ചു. എന്നാല്‍ എന്തോ ഒരു പന്തികേട്. ഒന്നും വേണ്ടപോലെ ശരിയാകുന്നില്ല. അദ്ദേഹം തന്റെ വയലിനിലേയ്ക്ക് ഒന്നു സൂക്ഷിച്ചുനോക്കി. അതു തന്റേതല്ലെന്ന് ഒരു ഞെട്ടലോടെ അദ്ദേഹം തിരിച്ചറിഞ്ഞു. ബദ്ധപ്പെട്ടെഴുന്നേറ്റ് അണിയറയിലേയ്ക്കു ചെന്ന് തന്റെ സ്വന്തം വയലിനുവേണ്ടി തിരഞ്ഞു. എന്നാല്‍ ആരോ അത് മോഷ്ടിച്ചിരിക്കുന്നു. അതിനു പകരം വച്ചതായിരുന്നു താനിപ്പോള്‍ ഉപയോഗിച്ച വയലിന്.
ഒരു നിമിഷം അദ്ദേഹം തളര്‍ന്നുപോയി. അടുത്ത നിമിഷം എങ്ങനയോ ശക്തി സംഭരിച്ച് ദൃഢനിശ്ചയത്തോടെ തന്നോടുതന്നെ പറഞ്ഞു. ”ഉപകരണത്തിലല്ല സംഗീതമിരിക്കുന്നത്, എന്നുള്ളിലാണെന്ന് ഞാനിന്നു തെളിയിക്കും. അതിന് ഈശ്വരന് എന്നെ അനുഗ്രഹിക്കട്ടെ.” തിരിച്ചു വേദിയില്‍ ചെന്ന് അതേ വയലിനെടുത്ത് വണങ്ങി വായന തുടങ്ങി. അതിമനോഹരമായ ആ സംഗീതപ്രവാഹത്തില്‍ സദസ്സ് ഒന്നാകെ ലയിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഗീതപരിപാടികളിലെ ഏറ്റവുംമികച്ച ഒന്നായിരുന്നു അന്ന് അരങ്ങേറിയത്. മഹത്തായ ശക്തി നമ്മുടെ ഉള്ളില്‍ത്തന്നെ ഉണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു. ഓരോ വ്യക്തിയുടെ ഉള്ളിലും താനിതുവരെ ഉണര്ത്തിയിട്ടില്ലാത്ത അനന്തസാദ്ധ്യതകളുണ്ട്. ശ്രമിച്ചാല്‍ അതിനെ കണ്ടെത്താനും ഉണര്‍ത്താനും ഓരോ വ്യക്തിക്കും കഴിയും.
അതുപോലെതന്നെ സ്വയം നിയന്ത്രിക്കാനും തന്നെത്തന്നെ ഉദ്ധരിക്കാനുമുള്ള കഴിവും എല്ലാവരിലുമുണ്ട്. ഒട്ടും ക്ഷമയില്ലാത്തവരെന്നു സ്വയം കരുതുന്നവര്‍പോലും സ്വന്തം മേലുദ്യോഗസ്ഥന്റെ മുമ്പില്‍ ക്ഷമ കാണിക്കും. എത്ര മുന്‍കോപമുള്ള ആളായാലും പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ വിനയത്തോടെ പെരുമാറും. ഏറ്റവും ക്രൂരനായ കുറ്റവാളിയുടെ ഹൃദയത്തിലും സ്വന്തം കുഞ്ഞിനോടു സ്നേഹമുണ്ടാകാതിരിക്കില്ല. ക്ഷമയും സ്നേഹവും ധൈര്യവും കാരുണ്യവുമെല്ലാം നമ്മുടെയെല്ലാവരുടെയും ഉള്ളിലുണ്ട് എന്നാണിതു വ്യക്തമാക്കുന്നത്. പക്ഷെ എല്ലാവരിലും എപ്പോഴും അവ പ്രകാശിക്കുന്നില്ലെന്നു മാത്രം. നമ്മള് ഉള്ളിലേയ്ക്കു നോക്കി, ബോധപൂര്‍വ്വം പ്രയത്നിക്കുകയാണെങ്കില്‍ ഉള്ളിലെ അനന്തഗുണങ്ങളെ നമുക്കു ഉണര്‍ത്താന്‍ സാധിക്കും. എന്നാല്‍ ഈ ശക്തിയെ അധികംപേരും വേണ്ടതു
പോലെ ഉപയോഗപ്പെടുത്താറില്ല. അതിനു കഴിഞ്ഞാല്‍ എത്ര വലിയ പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും നമുക്കു വിജയപൂര്‍വ്വം തരണം ചെയ്യാന്‍ കഴിയും.
ബാഹ്യലോകം നമുക്കുനേരെ വെല്ലുവിളികളുയര്‍ത്തും. പരിശ്രമങ്ങളില്നിന്നു നമ്മെ പിന്തിരിപ്പിക്കാന് ശ്രമിക്കും. അപ്പോള്‍, ധ്യാനാത്മകമായി ഉള്ളിലേക്കു നോക്കിയാല്‍, അതിനെല്ലാം അതീതമായൊരു ശക്തിയും ശാന്തിയും നമുക്കവിടെ കണ്ടെത്താം. ലോകം നമ്മെ ദുഃഖിപ്പിച്ചേക്കാം, കരയിപ്പിക്കാന്‍ ശ്രമിച്ചേക്കാം. അപ്പോള്‍, ഉള്ളിലേക്കു നോക്കിയാല്‍, സകല ദുഃഖങ്ങള്‍ക്കും അതീതമായൊരു സന്തോഷവും പുഞ്ചിരിയും നമുക്കവിടെ കണ്ടെത്താം. ലോകം നമ്മുടെ പാതയില്‍ മുള്ളു വിരിക്കും, നോവിപ്പിക്കാന്‍ ശ്രമിക്കും. അപ്പോഴും ഉള്ളിലേക്കു നോക്കിയാല്‍ ആ കൂര്‍ത്തമുള്ളുകള്‍ക്ക് അതീതമായൊരു പൂമണവും
പൂമെത്തയും നമുക്കവിടെ കണ്ടെത്താം. ലോകം നമ്മളെ ഭയപ്പെടുത്താനും ദുര്‍ബ്ബലപ്പെടുത്താനും ശ്രമിച്ചേക്കാം. അപ്പോഴും ഉള്ളിലേക്കു നോക്കിയാല്‍, അതിനതീതമായൊരു നിര്‍ഭയത്വവും ധീരതയും നമുക്കു സ്വായത്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: