പത്തനംതിട്ട: തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളായ മൂന്നുപേര്‍ കീഴടങ്ങി. സിപിഎം പ്രവര്‍ത്തകരും തണ്ണിത്തോട് സ്വദേശികളുമായ നവീന്‍, ജിന്സന്, സനല്‍ എന്നിവരാണ് കീഴടങ്ങിയത്.
നേരത്തെ തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന് എന്നിവരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരേ കല്ലെറിയുകയും വീടിന്റെ അടുക്കള ഭാഗത്തെ കതക് ചവിട്ടിപൊളിയ്ക്കുകയും ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 19ന് കോയമ്പത്തൂരില്‍ നിന്നും വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി നിരീക്ഷണത്തിലാകുകയായിരുന്നു. ആരോഗ്യവകുപ്പ് വീട്ടില്‍ നോട്ടീസും പതിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കേബിള്‍ ഓപ്പറേറ്ററായതിനാല് മകള്‍ വന്നശേഷം ഇദ്ദേഹം ഓഫീസിലാണ് താമസം.
പിതാവ് റോഡില്‍ ഇറങ്ങി നടക്കുന്നതിന്റെ പേരില്‍ തണ്ണിത്തോട്ടിലെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഈ കുടുംബത്തെ അപകീര്‍ത്തീപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ വ്യാപകമായി നടത്തിയതോടെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് വീടിനു നേരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സിപിഎം സസ്പെന്റ് ചെയ്തിരുന്നു. സംഭവം പാർട്ടിക്കും സർക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും മനുഷ്യത്വരഹിതമായ പ്രവർത്തിയായത് കൊണ്ടാണ് പാർട്ടി നടപടിയെന്നുമാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: