തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ ഗ്രാമത്തിലെ തെക്കുംപാടന്‍ വീട്ടില്‍ വേലായുധന്റെയും, തങ്കമണിയുടെയും പുത്രനായി ജനനം. സാധാരണ കാര്‍ഷിക തൊഴിലാളി കുടുംബം. കരിനിലങ്ങളില്‍ അധ്വാനം വിതച്ച് ദാരിദ്ര്യം കൊയ്തെടുക്കുന്ന യൗവനം. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വലപ്പാട് ശ്രീരാമ പോളിടെക്നിക്കില്‍ തുടര്‍ വിദ്യാഭ്യാസം, പഠനം പാതിവഴിയില്‍ മുടങ്ങി. പിന്നീട് ടൂട്ടോറിയല്‍ അധ്യാപകന്.
കുറുമ്പിലാവ് കെപിഎംഎസ് ശാഖാ യോഗം സെക്രട്ടറി. തൃശൂര്‍ യൂണിയന് സെക്രട്ടറി. തൃശൂര്‍ ജില്ല സെക്രട്ടറി. സംസ്ഥാന സെക്രട്ടറി, സംസ്ഥാന യൂത്ത് മൂവ്മെന്റ് കണ്‍വീനര്‍, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിപിഐയുടെ പ്രതിനിധിയായി ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്ടര വര്‍ഷം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഗ്രാമത്തിലെ ഭൂരഹിത ഭവനരഹിതര്‍ക്കായി പദ്ധതി പണം പൂര്‍ണ്ണമായും ചെലവഴിച്ച് ശ്രദ്ധ നേടി. 1987 മുതല്‍ നിരവധി ഭൂസമരങ്ങള്‍ ഏറ്റെടുത്ത് വിജയം വരിച്ചു. മാളയിലെ ശ്മശാന സമരവും അദ്ദേഹം മുന്‍കൈ എടുത്താണ് വിജയിപ്പിച്ചത്.
1991ല്‍ തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ കാല്‍നട ജാഥയുടെ വൈസ് ക്യാപ്റ്റന്‍. 2006ല്‍ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ്. 2008ല്‍ മഹാത്മ അയ്യന്‍കാളിയുടെ സാധുജന വിമോചന കാര്‍ഷിക വിപ്ലവ സ്മരണയുടെ ശതാബ്ദി സംഗമം – ശ്രീമതി സോണിയാ ഗാന്ധി പങ്കെടുത്ത സമ്മേളനം ജനലക്ഷങ്ങള്‍ ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തിയ സമ്മേളനത്തില്‍ അദ്ധ്യക്ഷന്‍.
ഈ സമ്മേളനം ടി.വി. ബാബുവിന്റെ രാഷ്ട്രീയം സമുദായ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിട്ടു. 2009ല്‍ രണ്ടാം ഭൂപരിഷ്ക്കരണ പ്രക്ഷോഭം. കാസര്‍കോട് നിന്ന് അനന്തപുരിയിലേക്ക് ജാഥ. 2009 നവംബര്‍ അഞ്ചിന് കളക്ടറേറ്റ് ഉപരോധം. പിന്നീട് 29 ദിവസം ജയില്‍വാസം. 2010ല്‍ തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് വാഹന ജാഥയുടെ നായകനായി. മിശ്രാ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ വന്‍ പ്രക്ഷോഭം നടത്തി. 2013ല്‍ കെപിഎംഎസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. 2014 ഫെബ്രുവരി ഒമ്പതിന് ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ മുഖാതിഥിയായി പങ്കെടുപ്പിച്ച് കൊച്ചി കായല്‍ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷിച്ചു. അതേ വര്‍ഷം സെപ്തംബര്‍ 14ന് മഹാത്മ അയ്യന്‍കാളിയുടെ 152-ാമത് ജന്മദിനാഘോഷം ദല്‍ഹി വിജ്ഞാന് ഭവനില്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി മോദിജി മുഖ്യ അതിഥിയായിരുന്നു. ഒട്ടേറെ വിമര്‍ശനങ്ങളും ഭീഷണികളും തൃണവല്ഗണിച്ചു കൊണ്ടാണ് അടിപതറാതെ സ്വന്തം ജനതയെ കൂടെ നിര്‍ത്തി രാഷ്ട്രീയ അടിമത്വത്തിന്റെ അടിത്തറയിളക്കിയത്.
പരമ്പരാഗത വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിന്ന് നേരേ സഞ്ചരിക്കുവാന്‍ സാഹസികമായ നിശ്ചയം എടുത്തപ്പോഴം നിലപാടില്‍ നിന്ന് വ്യതിചലിച്ചില്ല. പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയില്ല വളയാത്ത ചിന്തയും, നിശ്ചയദാര്‍ഡ്യവും ബാബുസാറിന്റെ മുഖമുദ്രയായിരുന്നു.
വെള്ളാപ്പള്ളി ഉയര്‍ത്തിയ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ സമൂഹത്തോടുള്ള വിവേചനത്തിനെതിരെ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് പിന്തുണ നല്കുവാന് ടി.വി. ബാബു മുന്നിട്ടിറങ്ങി. 2016ലെ സമത്വമുന്നേറ്റ യാത്രയുടെ വിജയവും, തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയും എന്‍ഡിഎ മുന്നണി പ്രവേശനവും, തെരഞ്ഞെടുപ്പുകളും, കേരള ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ 2016ല്‍ നാട്ടിക നിയമസഭാ മണ്ഡലത്തിലും, 2019ല്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മെച്ചപ്പെട്ട വോട്ട് ഷെയര്‍ നേടുകയും ചെയ്തു.
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കെപിഎംഎസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയും ഉപദേശക സമിതി ചെയര്‍മാനായി ഫസ്റ്റ് ലീഡര്‍ പദവിയിലിരിക്കുകയും ചെയ്തു. ഇതിനിടെയാണ് മരണം. ഹിന്ദു സംഘടനാ രംഗങ്ങളിലും, എസ്സി-എസ്ടി സംയുക്ത സമിതിയുടെ കണ്‍വീനറായും, നിരവധി സമരങ്ങള്‍ക്ക് നേതൃത്യം നല്‍കിയിട്ടുണ്ട്. പട്ടിക ജനതാ മെമ്മോറിയല്‍ സമര്‍പ്പണ പ്രക്ഷോഭങ്ങളിലും, ടി.വി. ബാബു നിറസാന്നിദ്ധ്യമായിരുന്നു. പിന്നാക്ക പട്ടിക വിഭാഗങ്ങളുടെ സീവരണം, ഭൂമി, വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, തുല്യനീതി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സമരഭൂമികയില്‍ എന്നും ആവേശവും, ഊര്‍ജ്ജവും സന്നിവേശിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: