ആലപ്പുഴ: കൊറോണ ആശ്വാസ ധനമായി മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലുമാസം മുന്‍പ് അനുവദിച്ചത്. കടല്‍ക്ഷോഭം മൂലം തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടായിരം രൂപ വീതം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കാന്‍ ഉത്തരവായിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്ക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 31.26 കോടി രൂപയുടെ ധനസഹായത്തിന്റെ ഉത്തരവിറങ്ങിയത്. എന്നാല്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് വ്യാപകമായി വിമര്‍ശനമുയര്‍ന്നപ്പോള്‍ കഴിഞ്ഞ ഡിസംബറിലെ ഉത്തരവ് പ്രകാരമുള്ള പണം ഇപ്പോള്‍ അനുവദിക്കുകയായിരുന്നു. അതായത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ധനസഹായം നാലു മാസം വൈകി കൊറോണ കാലത്ത് അനുവദിച്ചു എന്നു മാത്രം.
മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപയും അനുബന്ധ തൊഴിലാളികള്‍ക്ക് 1000 രൂപയും നല്‍കുമെന്നാണ് ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിലും ദുരിതം അനുഭവിച്ചവാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍.
മറ്റെല്ലാ വകുപ്പുകളും സ്വന്തം ഫണ്ടുപയോഗിച്ച് കൊറോണ കാലത്ത് തൊഴിലാളികളെ സഹായിക്കാന്‍ സന്നദ്ധരാകുമ്പോള്‍ ഫിഷറീസ് വകുപ്പ് സ്വന്തം ഫണ്ട് നല്‍കാതെ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ച് തടിതപ്പുകയാണെന്നാണ് വിമര്‍ശനം.
ഓഖി ദുരന്തത്തെ തുടര്‍ന്ന് 2000 രൂപ വീതം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഓഖി ഫണ്ടില്‍ നിന്ന് ഏതാനും കുറച്ചു പേര്‍ക്ക് മാത്രമാണ് ഈ സഹായം ലഭിച്ചത്.
ഏപ്രില്‍ മാസത്തിലെ അടക്കം ഏഴു മാസത്തെ പെന്ഷന് കുടിശികയുണ്ട്. ഇതില്‍ രണ്ടു മാസത്തെ പെന്ഷന് അനുവദിച്ചു എന്ന് പറഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടില്‍ ഇതുവരെ പണം വന്നിട്ടില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: