കോഴിക്കോട്: എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്കി മാതൃകയാവുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എആര്‍ടി ക്ലിനിക്കിലെ കൗണ്‍സിലര്‍ ടി.കെ. ഷിനോവ്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ എച്ച്ഐവി അണുബാധിതര്‍ക്ക് എആര്‍ടി ക്ലിനിക്കില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ആവശ്യമായ മരുന്നുകള്‍ താലൂക്ക് ആശുപത്രി വഴി വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എച്ച്ഐവി ബാധിതരായ ചിലര്‍ എആര്‍ടി മരുന്ന് താലൂക്ക് ആശുപത്രിയില്‍ പോയി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കൗണ്‍സിലര്‍ എആര്‍ടി ക്ലിനിക്കിലെ ഷിനോവിനെ അറിയിക്കുകയായിരുന്നു.
പൊതുഗതാഗതം ഇല്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും താലൂക്ക് ആശുപത്രിയില്‍ തന്റെ എച്ച്ഐവി സ്റ്റാറ്റസ് മറ്റുള്ളവര്‍ അറിയുമോ എന്ന ആശങ്കയും മരുന്ന് കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്നങ്ങളെകുറിച്ചും ഉള്ള വ്യാകുലതകള്‍ അവര്‍ ഷിനോവിനോട് പങ്കുവെച്ചു. എആര്‍ടി മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കില്‍ മരുന്ന് ശരീരത്തില്‍ പിടിക്കാതിരിക്കുന്ന അവസ്ഥ(ഡ്രഗ് റെസിസ്റ്റന്‍സ്) ഉണ്ടാകാനുള്ള സാദ്ധ്യത വളരെ അധികമാണ്. ഈ കാര്യങ്ങളെല്ലാം മുന്നില്‍ കണ്ട് കൊണ്ട് അവര്‍ക്ക് മരുന്നു വീട്ടിലോ അവര്‍ പറയുന്ന സ്ഥലത്തോ എത്തിച്ചു നല്കാന് തീരുമാനിക്കുകയായിരുന്നു ഷിനോവ്.
ആ തീരുമാനം കഴിഞ്ഞ 17 ദിവസങ്ങളായി എആര്‍ടിയിലെ ഡോക്ടറുടെയും മറ്റു കൗണ്‍സിലര്‍മാരുടേയും ബാക്കി സഹപ്രവര്‍ത്തകരുടെയും സഹായത്താല്‍, യാതൊരുവിധ ലാഭേച്ഛയും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് ഷിനോവും സംഘവും. നിലമ്പൂരിലും പേരാമ്പ്രയിലും വടകരയിലെയും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തുകയും ഇവിടങ്ങളില്‍ എച്ച്ഐവി അണുബാധിതരെ വിളിച്ച് കൗണ്‍സിലിംഗ് നടത്തുകയും ചെയ്തു ഇവര്‍. മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. എന്‍.കെ. തുളസീധരന്‍ കീഴിലാണ് എആര്‍ടി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഡോ. അന്നമ്മ, ഡോ. ഷെഫീല്‍ എന്നിവരാണ് ഡോക്ടര്‍മാര്‍. മണികണ്ഠന്, മായ എന്നിവരാണ് സെന്ററിലെ മറ്റു കൗണ്‍സിലര്‍മാര്‍. എച്ച്ഐവി അണുബാധിതര്‍ക്ക് ചികിത്സയും കൗണ്‍സിലിംഗും സൗജന്യമായി നല്കുന്ന സര്‍ക്കാറിന്റെ ചികിത്സാ സെന്റര്‍ ആണ് എആര്‍ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: