മറ്റൊരു മാര്‍ക്സിസ്റ്റ് ചിന്തകനായ S. R. Desai (The Social Background of Indian Nationalism) പറയുന്നത് ബ്രിട്ടീഷുകാര്വരുന്നതു വരെ ഇവിടെ ഒരു Religio Ideological Unity നിലനിന്നിരുന്നു എന്നും ബൗദ്ധന്മാരും മുസല്മാന്മാരായ ഹിന്ദുക്കളും അതിന്റെ ഭാഗമായി മാറിയിരുന്നു എന്നുമാണ്. കുമാരസംഭവം, ഗീതഗോവിന്ദം എന്നിവ പോലുള്ള നിസ്തുലകാവ്യകല്പതരുക്കള് പൂത്തുലഞ്ഞു സുഗന്ധം പരത്തിയത് ഈ ആധ്യാത്മികപശ്ചാത്തലത്തിലാണ്. വൈദേശികങ്ങളായ ഗ്രീക്കുസാഹിത്യവും മറ്റും അലമാരകളില്‍ നിത്യവിശ്രമം കൊള്ളുമ്പോഴും ഇവിടുത്തെ ഇതിഹാസപുരാണാദി സാഹിത്യങ്ങള്‍ (സംസ്കൃതത്തിലും പ്രാദേശികഭാ,കളിലും എഴുതപ്പെട്ടവ) ഇന്നും ജീവിതത്തിന്റെ ഭാഗങ്ങളായി തുടരുന്നത് ഈ ആധ്യാത്മികരസം അവ ഉള്‍ക്കൊള്ളുന്നതു കൊണ്ടാണ്. ശില്പശാസ്ത്രവും തൗര്യത്രികവും (നൃത്തഗീതവാദ്യങ്ങള്‍) നാട്യശാസ്ത്രവും കര്‍ണ്ണാടകസംഗീതവും മറ്റും,കാമശാസ്ത്രം പോലും, ഉരുത്തിരിഞ്ഞത് ഈ ആധ്യാത്മികഅടിത്തറയിലാണ്. വിശ്വഗുരുസ്ഥാനം ഈ ഭൂമാതാവിനു നേടിക്കൊടുത്തത് ആശ്ചര്യകരമായ ഈ ആധ്യാത്മികസംവിധാനമാണ്. കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും അത് അതിന്റെ നിത്യയൗവ്വനം സഹസ്രാബ്ദങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതി എന്താണ്? എല്ലാ സമൂഹത്തിലും എല്ലാ കാലത്തും ശങ്കരാചാര്യര്‍ ചൂണ്ടിക്കാണിച്ച ഉദരനിമിത്തം ബഹുകൃതവേഷക്കാര് ഉണ്ടാകും. ഇക്കൂട്ടര്‍ ജ്യോതിഷ-വാസ്തു- മന്ത്രവാദത്രികം, പുരാണപാരായണം, ഹരികഥാകാലക്ഷേപം, ബ്രഹ്മകഥാകാലക്ഷേപം എന്നിവയിലൂടെ മേല്‍പ്പറഞ്ഞ പ്ളാസിബോ/നോസിബോ ഫലങ്ങളും, മൂഢഗര്ഭാവസ്ഥകളും സമൂഹത്തില്‍ ഇന്നു സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്? താന്താങ്ങളുടെ സമ്പ്രദായങ്ങളുടെ മേന്മകളെക്കുറിച്ചു അമിതമായ അവകാശവാദം മുഴക്കി സാധാരണന്മാരെ തെറ്റിദ്ധരിപ്പിച്ച് ഭ്രാന്തിയും പരിഭാന്തിയുമുണ്ടാക്കി പലതരം കര്‍മ്മങ്ങള്‍ക്കായി വലിയ തുകകള്‍ മുടക്കാന്‍ പ്രേരിപ്പിക്കുന്ന
ഇക്കൂട്ടരില്‍ ശ്രീസൂക്തം വീട്ടിലിരുന്ന് പതിവായി ഉരുക്കഴിച്ച് സമ്പന്നനായ ഏതെങ്കിലും വൈദികാചാര്യനെ കാട്ടിത്തരാമോ? അതേപോലെ സ്വര്ണ്ണാകര്ഷണഭൈരവയന്ത്രം എഴുതി കഴുത്തിലിട്ട് മാത്രം സമ്പന്നനായ ഒരു താന്ത്രികനെ കാണിച്ചു തരാമോ? യോഗസിദ്ധി വന്ന ഒരു യോഗാചാര്യനെ എങ്കിലും കാണാന്‍ കഴിയുമോ? മൃഗബലി നടത്തി മാത്രം സ്വന്തം കാര്യങ്ങള്‍ സാധിക്കുന്ന സിദ്ധന്മാരെ കാണിച്ചു തരാമോ? അതുപോലെ ആയുര്‍വേദം, അലോപ്പതി മുതലായ വൈദ്യശാസ്ത്രങ്ങളെ ആശ്രയിക്കാതെ മൃത്യുഞ്ജയം പോലുള്ള ഹോമങ്ങള്‍ നടത്തിയും ചരടുകളും ഏലസ്സുകളും ജപിച്ചുകെട്ടിയും മാത്രം തന്റെയും തന്റെ കുടുംബത്തിന്റെയും ചെറുതും വലുതുമായ രോഗങ്ങളും ദുരിതങ്ങളും പട്ടിണിയും മാറ്റുന്നതു പതിവാക്കിയ ഒരു മന്ത്രവാദിയെ കാണിച്ചു തരാമോ? ശ്രീചക്രസാധന, സന്യാസാശ്രമം സ്വീകരിക്കല്‍ എന്നിവ വഴി അതാതു മാര്‍ഗം പറയുന്ന തരത്തില്‍ സ്വന്തം ശരീരമനോബുദ്ധികളിലും പെരുമാറ്റത്തിലും ജീവിതവീക്ഷണത്തിലും ജീവിതചര്യയിലും സമഗ്രവും സഹജവുമായ മാറ്റം വന്നു എന്നു മറ്റുള്ളവര്‍ക്കു ബോധ്യം വന്ന ഒരു ഉദാഹരണമെങ്കിലും ഉണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: