പത്തനംതിട്ട:തണ്ണിത്തോട്ടിൽ കൊറോണവൈറസ് രോഗ നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെഉണ്ടായ കല്ലേറും ആക്രമണവും സിപിഎമ്മുകാരാണ് ചെയ്തതെന്ന് പാർട്ടി സമ്മതിച്ചു. സിപിഎം ജില്ലാകമ്മറ്റി ഇക്കാര്യം അംഗീകരിച്ചു.സിപിഎം അംഗങ്ങളായവർ അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പാർട്ടി ജില്ലാസെക്രട്ടറി പത്രക്കുറിപ്പ് ഇറക്കി. മനുഷ്യത്വരഹിതമായ അക്രമത്തിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നതോടെ ഇതിൽ പങ്കെടുത്ത പാർട്ടിഅംഗങ്ങളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെ പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് സസ്പെൻഡ് ചെയ്യേണ്ടിയും വന്നു.
പൊതുസമൂഹത്തിന്റെ കണ്ണിൽ മണ്ണിടാനുള്ള സിപിഎം തന്ത്രം മാത്രമാണ് ഈ സസ്‌പെൻഷൻ എന്ന് വിലയിരുത്തുന്നവരും ഉണ്ട്. കാരണം അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി ഇപ്പോഴും സ്വീകരിക്കുന്നത്. സിപിഎം സഹയാത്രികരും അംഗങ്ങളും അനുഭാവികളും ഉൾപ്പെടുന്ന വാട്‌സ്ആപ് കൂട്ടായ്‌മയിലൂടെ അക്രമത്തിന് ആഹ്വാനം നൽകി യാണ് അക്രമം നടത്തിയത്. സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നുഎന്ന് പെൺകുട്ടിതന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും അതിന് തടയിടാൻ യുവജനപ്രസ്ഥാനത്തിന്റെ നേതാവുകൂടിയായസ്ഥലം എംഎൽഎ ശ്രമിച്ചില്ല. എന്നുമാത്രമല്ല അക്രമികളെ നിസ്സാരമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടയച്ചതും എംഎൽഎയുടേയും പാർട്ടി നേതൃത്വത്തിന്റെയും ഇടപെടലാണ് എന്ന് നാട്ടുകാർ പറയുന്നു. അക്രമത്തിൽ ഉൾപ്പെട്ടതെന്ന് സിപിഎം തന്നെ കണ്ടെത്തിയ ആറുപേരിൽ മൂന്നുപേരെമാത്രമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടത്. ഇതെല്ലാം എംഎൽഎയുടെ കൈത്താങ്ങ് ഇവർക്ക് ലഭിച്ചതിന്റെ ഫലമാണ് എന്നാണ് നാട്ടുകാർ പറയുന്നു. ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ് ബദലായി ജനകീയകിച്ചൺ ഡിഫിക്കാർ തുടങ്ങിയതും അതിലുണ്ടായ ചിലകൈത്തെറ്റുകൾ നാട്ടിൽ ചർച്ചയായതും അക്രമികളെ പ്രകോപിപ്പിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.
നാടുമുഴുവൻ കൊറോണവൈറസ് ഭീതിയിലിരിക്കേ സിപിഎം-ഡിഫിക്കാർ നടത്തിയ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിക്കും അക്രമികളെ തള്ളപ്പറയേണ്ടിവന്നു.
തണ്ണിത്തോട്ടിൽ ഐസൊലേഷനിൽ കഴിയുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ബിജെപി കോന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തെ മുഖ്യമന്ത്രി അടക്കം അപലപിച്ചിട്ടും നിസ്സാരവൽക്കരിച്ച പോലീസിന്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സോഷ്യൽ മീഡിയയിൽ കൂടി മുൻകൂട്ടി പ്ലാൻ ചെയ്തു നടത്തിയ ക്രൂരകൃത്യം പ്രതികൾ സിപിഎമ്മുാരാണ് എന്ന ഒറ്റ കാരണത്താലാണ് സ്ഥലംഎംഎൽഎ യുടെയും സിപിഎം നേതാക്കളുടെയും ആവശ്യപ്രകാരം പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ലോക്ക് ഡൗൺ കാലയളവിൽ സിപിഎംഡിവൈഎഫ്‌ഐ ക്കാർ അഴിഞ്ഞാടുന്നത് ഇത് ആദ്യമല്ല എംഎൽഎയുടെ സന്നദ്ധ പ്രവർത്തകർ എന്നു അവകാശപ്പെട്ടു കോന്നിയിൽ പോലീസ് ഉദ്യോഗസ്ഥനെ ഡിവൈഎഫ്‌ഐ നേതാവ് കയ്യേറ്റം ചെയ്തപ്പോഴും പോലീസ് നിസംഗത പാലിക്കുകയായിരുന്നു. കോന്നി നിയോജക മണ്ഡലത്തിൽ ഇത്തരം ഗുണ്ടായിസം വെച്ച് പൊറുപ്പിക്കില്ലെന്നും ഇതിനെതിരെ ജനവികാരം ഉയർന്നു വരണമെന്നും ബിജെപി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: