തൃശൂര്‍ : ആരും കൂട്ടിനില്ലാതെ കഴിയുന്ന പാലത്തിങ്കല്‍ വേലായുധന് പനികിടക്കയിലും സഹായവുമായി എത്തുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. അന്നമനട പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് സംഭവം. ലോക്ക് ഡൗണില്‍ മൂന്നു നേരം ആഹാരം പോലും കഴിക്കാന്‍ ഇല്ലാത്ത 86 വയസുള്ള വേലായുധന് പഞ്ചായത്ത് കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നാണ് ആഹാരം കഴിച്ചുകൊണ്ടിരുന്നത്. ‘
പനിയായതോടെ ചൂടു കഞ്ഞി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കണക്കിലെടുത്തു വീട്ടില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സംഘമെത്തി വേണ്ട ചികിത്സ നല്‍കുകയും ചെയ്തു.
തനിയെ എണീറ്റ് പോലും നടക്കാന്‍ കഴിയാത്ത വേലായുധന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം താമസ സ്ഥലത്തേക്ക് കഞ്ഞിയും മറ്റ് സാധനങ്ങളും എത്തിച്ചു നല്‍കിയതെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷിനി സുധാകരന് പറഞ്ഞു. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ പ്രത്യേക കരുതല്‍ ആവശ്യമുള്ളവര്‍ക്ക് തങ്ങളുടെ സേവനം നല്കാന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: