തൃശൂര്‍ : വ്യാജവാറ്റ് നിയന്ത്രങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് കുന്നംകുളം പോലീസ്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബാറുകളും ബീവറേജുകളും അടച്ച് പൂട്ടിയ സാഹചര്യത്തില്‍ ആളൊഴിഞ്ഞ പ്രദേശത്തെ കേന്ദ്രീകരിച്ച് വന്‍തോതില്‍ വ്യാജവാറ്റ് നടക്കാന്‍ സാധ്യതയുണ്ടാവുമെന്നും അത് തടയണമെന്നും ജില്ലാപോലീസ് മേധവി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് കുന്നംകുളം എസ്.എച്ച്.ഒ. കെ.ജി. സുരേഷും സംഘവും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആദ്യദിനം തന്നെ ചൊവ്വന്നൂരിലെ മീമ്പികുളത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ വ്യാജവാറ്റ് നടത്തിയിരുന്ന മൂന്നുപേരെയും തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ പുതുശ്ശേരിയില്‍ നിന്നും രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഇന്നലെ കാണിപ്പയ്യൂരിലുള്ള കരുവാന്കുണ്ട് എന്നസ്ഥലത്തെ വീട്ടില്‍ നിന്നും വീണ്ടും രണ്ടുപേരെ കൂടി അറസ്റ്റുചെയ്തത്.
സംശയാസ്പദമായ വീടുകളിലും സ്ഥലങ്ങളിലും വരും ദിനങ്ങളിലും വ്യാപകമായി റെയ്ഡുനടത്തുമെന്നും കൂടാതെ വീട്ടമ്മമാര്‍ക്കും മറ്റുള്ളവര്‍ക്കും സധൈര്യം പൊലീസിനെ അറിയിക്കാമെന്നും അതിലൂടെ നിരീക്ഷണം ശക്തമാക്കാമെന്നും എസ്.എച്ച്.ഒ. അറിയിച്ചു.
എസ്.ഐ. ബാബു, എ.എസ്.ഐ ഗോകുലന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മെല്വിന്, വൈശാഖ്, സജയ്, അനൂപ്, ഹംദ്, ഷജീര്‍, ഷിബിന്‍, ഹരികൃഷ്ണന് എന്നിവരാണ് സംഘത്തിലുള്ളത്. വിവരങ്ങള്‍ അറിയിക്കാന്‍ കണ്ട്രോള് റൂം നമ്പര്‍ 0487 2424193.
പ്രതികരിക്കാൻ ഇവിടെ എഴുതുക: