മുംബൈ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5734 ആയി ഉയര്‍ന്നു. ഇതുവരെ 166 പേരാണ് ഇന്ത്യയില്‍ മരിച്ചത്. 24 മണിക്കൂറിനിടെ 540 പുതിയ കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്ളു മഹാരാഷ്ട്രയില്‍ ഇതുവരെ 1135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 8 പേര് മരിച്ചു. ധാരാവിയിലെ മരണം ഉള്‍പ്പെടെ ഇതില്‍ അഞ്ചും മുംബൈയിലാണ്. രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബെയില്‍ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മുംബൈയ്ക്ക് പിന്നാലെ പൂനെയിലും മാസ്ക് ധരിക്കാത്തത് കുറ്റകരമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42ഉം നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈയാണ് ഹോട്ട്സ്പോട്ട്. 156 പേരാണ് നഗരത്തില്‍ മാത്രം കൊവിഡ് ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. ചെന്നൈയില്‍ മരിച്ച മൂന്ന് പേര്‍ക്ക് എങ്ങനെ കൊവിഡ് പകര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
കര്‍ണാടകത്തില്‍ കൊവിഡ് മരണം അഞ്ചായി. കലബുറഗിയില്‍ 65കാരന് മരിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ ആക്കാതിരുന്ന സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. ഇന്നലെ ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരില്ലാത്ത പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ആലോചിക്കുന്നതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. കേന്ദ്രനിര്‍ദേശം അനുസരിച്ചായിരിക്കും തീരുമാനം. കര്‍ണാടകത്തിലെ എംഎല്‍എമാരുടെ ശമ്പളം 30 ശതമാനം കുറച്ചു. തെലങ്കാനയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം ഇരുനൂറ് കടന്നു.
അതേസമയം ആഗോളതലത്തില്‍ 15.11 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3.28 ലക്ഷം പേര് രോഗശാന്തി നേടിയപ്പോള്‍ 88,000 പേര്‍ക്ക് രോഗം മൂലം ജീവന് നഷ്ടമായെന്നാണ് കണക്ക്. നിലവില്‍ അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള പത്ത് രാജ്യങ്ങളില്‍ ഏഴും യൂറോപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: