രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന്റെ പ്രധാന ഉത്തരവാദികളായ തബ്ലിഗ് ജമാഅത്ത് നേതാക്കളുടെയും അവരുടെ അനുയായികളുടേയും പ്രവര്‍ത്തിയെ വിശദീകരിക്കുന്നതിന് ജഹിലിയത് (അജ്ഞത) എന്ന വാക്കാണ് ഏറ്റവും അനുയോജ്യം. അജ്ഞത എന്നതു തന്നെ തീവ്രതകുറഞ്ഞ പദമാണ്. ലോകത്ത് നിരവധി രാജ്യങ്ങളിലേക്ക് കോവിഡ് 19 വ്യാപിക്കാന്‍ ഇടവരുത്തിയത് ഈ ദക്ഷിണേഷ്യന്‍ സംഘടനയാണ്. ഇന്ത്യയെ മാത്രമല്ല, പാക്കിസ്ഥാനേയും ഇവര്‍ വലച്ചു. മാര്‍ച്ച് 11ന് ലാഹോറിന് സമീപം, തബ്ലിഗ് ജമാഅത്തിന്റെ ആസ്ഥാനത്ത് ഏകദേശം രണ്ടര ലക്ഷത്തോളം തബ്ലിഗ് പ്രവര്‍ത്തകരാണ് ഒത്തുചേര്‍ന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സമ്മേളനം റദ്ദാക്കി, വന്നവരെയെല്ലാം തിരിച്ചയച്ചു.
ബംഗ്ലാദേശും സമാനമായ പ്രശ്നം അഭിമുഖീകരിച്ചു. എന്നാല്‍ ഭാഗ്യവശാല്‍ ജനുവരിയിലാണ് അവിടെ തബ്ലിഗ് സമ്മേളനം നടന്നത്. ഹജ്ജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനപങ്കാളിത്തമുള്ളത് എല്ലാവര്‍ഷവും ബംഗ്ലാദേശിലെ ടോംഗിയില് നടക്കുന്ന തബ്ലീഗ് സമ്മേളനത്തിനാണ്. എന്നാല്‍ സൗദി അറേബ്യയില്‍ ഇവര്‍ക്കുള്ള നിരോധനം തുടരുകയാണ്. കാരണം ദക്ഷിണേഷ്യയില്‍ നിന്നുള്ള ഉലമകളെ നിയന്ത്രിക്കുക എന്നത് വളരെ പ്രയാസമാണെന്നാണ് അവിടുത്തെ ഭരണാധികാരികളുടെ കണ്ടെത്തല്‍.
ദിയോബന്ദി പ്രസ്ഥാനത്തിന്റെ ഒരു സമാന്തര ശാഖയാണ് തബ്ലീഗ് ജമാഅത്ത്. ഹരിയാനയിലെ മേവത്തില്‍ 1927 ലാണ് ഇത് രൂപം കൊണ്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴില്‍ മുസ്ലിം വിഭാഗത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. പാശ്ചാത്യ ചിന്തകള്‍ അനുകരിക്കുന്നതിനോ സ്വാംശീകരിക്കുന്നതിനോ അവര്‍ തയ്യാറായില്ല. അവ നിരാകരിക്കുകയും ചെയ്തു. പാശ്ചാത്യ ആശയങ്ങള്‍ ഒരുവശത്തും, ആര്യസമാജം പോലുള്ള ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങള്‍ മറുവശത്തും നിന്നുകൊണ്ട് മുസ്ലിം വിഭാഗത്തിന് ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു തബ്ലീഗ് സ്ഥാപകരുടെ വിശ്വാസം.
കോവിഡ് 19 എന്ന മഹാമാരി പടര്‍ന്നുപിടിക്കുന്ന സമയത്ത്, ഒരു വിഭാഗത്തിന്റെ അനാസ്ഥകൊണ്ട് മുമ്പെങ്ങും ഇല്ലാത്ത വിധത്തിലൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അധികൃതരേയും ആരോഗ്യ മേഖലയേയും അത് കൂടുതല്‍ പ്രതിരോധത്തിലാക്കി.
എല്ലാ ആരാധനാലയങ്ങളുടേയും വാതിലുകള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുന്നു എന്ന വസ്തുത അവശേഷിക്കുന്നു. ഈസ്റ്റര്‍ ആഘോഷത്തിനായി പള്ളികളില്‍ ആരും ഒത്തുകൂടരുതെന്ന നിര്‍ദ്ദേശം വത്തിക്കാന്‍ ലോകമെമ്പാടുമുള്ള പുരോഹിതര്‍ക്ക് നല്കി കഴിഞ്ഞു.
സൗദി അറേബ്യയില്‍, ഹജ്ജ് തീര്‍ത്ഥാടനവും പ്രതിസന്ധിയിലാണ്. മക്ക സന്ദര്‍ശനം ജൂലൈയിലേക്ക് മാറ്റണമെന്നാണ് അധികൃതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള സന്ദര്‍ശനത്തിന് ഒരു മാസം മുമ്പേ തന്നെ സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഹൈന്ദവ ആരാധനാലയങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. നിരവധി ഭക്തരെത്തുന്ന ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, തിരുപ്പതി, ഗുവാഹത്തിയിലെ കാമാഖ്യാ ക്ഷേത്രം, മഹാരാഷ്ട്രയിലെ ഷിര്‍ദി സായി ബാബ ക്ഷേത്രം എല്ലാം അടഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും അത്ഭുതം നടക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. അഥവാ, നടക്കുമെങ്കില്‍ അത് ലോകത്ത് എവിടെയെങ്കിലുമുള്ള ലബോറട്ടറികളിലായിരിക്കും. അവിടെ ശാസ്ത്രജ്ഞര്‍ ഉറക്കമൊഴിച്ചിരുന്ന് ജനലക്ഷങ്ങളുടെ ജീവന് രക്ഷിക്കാനുള്ള പ്രയത്നത്തിലാണ്.
തബ്ലീഗുകാരെപ്പോലെ, എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്ന് ആരെങ്കിലും മതപ്രഭാഷണം നടത്തുന്നുണ്ടെങ്കില്‍, അത് ഈ നിര്‍ണായക ഘട്ടത്തില്‍ അവരുടെ സമുദായത്തോടും മനുഷ്യകുലത്തോടും ചെയ്യുന്ന അന്യായമാണ്. ഇത്തരം ചിന്താഗതികള്‍ ചുറ്റുമുള്ളവര്‍ക്കും നാശം വിതയ്ക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാലുള്ള വിപത്ത് മനസ്സിലാക്കുന്ന ജനതയാണ്, മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ഏതൊരു സര്‍ക്കാരിന്റേയും മുതല്‍ക്കൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: