ചിറ്റാര്‍: തണ്ണിത്തോട് കാവി ജങ്ഷനില്‍ ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരെ ആക്രമണം. ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്കേറ്റു. ആരോഗ്യ പ്രവര്‍ത്തകരെത്തി കുട്ടിയെ ചികിത്സക്ക് വിധേയമാക്കിയതിനു ശേഷം വീണ്ടും വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ അശോകന്,അജേഷ്, രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മൂന്നു പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും തണ്ണിത്തോട് പോലീസ് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികളെ വിട്ടയക്കാന്‍ സിപിഎം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടയുള്ളവര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയതായും ആരോപണമുണ്ട്. ഐസൊലേറ്റ് ചെയ്യപ്പെട്ടവരെയോ, അവരുടെ വീടുകളോ ആക്രമിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തി ജാമ്യമില്ലാത്ത കുറ്റത്തിന് അറസ്റ്റു ചെയ്യണമെന്നാണ് ചട്ടം. മാത്രമല്ല എസ്പി തലത്തില്‍ അന്വേഷണം നടത്തുന്ന ഒരു കേസിലെ പ്രതികള്‍ അന്വേഷണം നിലവിലിരിക്കെ പരാതിക്കാരുടെ വീടുകള്‍ ആക്രമിച്ചിട്ടും വെറും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കോയമ്പത്തൂരിലെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ബിഎസ്സി അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനി അവധി ആയതിനെ തുടര്‍ന്ന് നാട്ടിലെത്തിയപ്പോള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. മകള്‍ വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ കേബിള്‍ ടിവി, ബ്രോഡ്ബാന്റ് സേവനം ചെയ്യുന്ന കുട്ടിയുടെ പിതാവ് ഓഫീസിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന് വീട്ടില്‍ താമസിക്കുന്നുണ്ടെന്നും പുറത്ത് ഇറങ്ങുന്നുണ്ടെന്നും ആരോപിച്ചാണ് വീട് അക്രമിച്ചത്.
നാട്ടിലെത്തിയ കുട്ടിക്ക് കോവിഡ് രോഗമുണ്ടെന്ന തരത്തില്‍ വാട്സാപ് ഗ്രൂപ്പ് വഴി ഇവര്‍ നിരന്തരം പ്രചരണം നടത്തിയിരുന്നു. ഇതു മൂലം കടുത്ത മാനസിക പ്രയാസം കുടുംബം അനുഭവിച്ചിരുന്നു. നിരന്തരമായ അപവാദ പ്രചാരണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും ശബ്ദസന്ദേശവും ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് പരാതിയും നല്കി. ‘സഖാവ്’ എന്ന പേരിലുള്ള വാട്സ് ആപ് ഐഡിയില്‍ നിന്നാണ് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിക്കണം എന്ന സന്ദേശം പുറത്തു വന്നത്. എന്നാല്‍ അക്രമികളെ തള്ളി മുഖ്യമന്ത്രി രംഗത്തുവന്നിട്ടുണ്ട്. അക്രമം അംഗീകരിക്കില്ലെന്ന് അദേഹം വൈകിട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: