ഇത് നിങ്ങള്‍ കരുത്തുന്ന പോലെ ഇന്ന് കാണുന്ന ലക്ഷ്വറി കാറുകള്‍ ഒന്നുമല്ല. ഇത് നമ്മുടെ പഴയ ‘അംബി’ തന്നെയാണ്. ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ ഇപ്പോഴിതാ അംബാസഡറിന്റെ ഇലക്ട്രിക്ക് വേര്‍ഷന്റെ കണ്‍സെപ്റ്റ് ഡിജിറ്റലായി റെന്‍ഡര്‍ ചെയ്തിരിക്കുകയാണ് ഡിസി2 എന്ന സ്ഥാപനം.
പഴയകാല അംബാസഡറിന്റെ സ്റ്റൈലിന്റെ സാമ്യത നിലനിര്‍ത്തിയാണ് പൂര്‍ണ വൈദ്യുത അംബാസിഡര്‍ പുറത്തിറക്കുന്നത്. ഇലക്ട്രിക് അംബാസഡറിന്റെ മുന്നില്‍ വലിയ ഗ്രില്‍ കാണാം. ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്ലാംപുകള്‍ നല്‍കിയിരിക്കുന്നു. യഥാര്‍ത്ഥ അംബാസഡറിന് നാല് ഡോറുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഡിസി2 കണ്‍സെപ്റ്റില്‍ കാണുന്നത് രണ്ട് ഡോറുകള്‍ മാത്രമാണ്. എന്നാല്‍ അവശ്യാനുസരണം നാല് ഡോറുകളിലേയ്‌ക്ക് ഇത് ഇറക്കുമെന്നും കമ്പനി വ്യക്തമാക്കി. ക്ലാസിക്ക് ലുക്ക് ലഭിക്കുന്നതിന് സ്റ്റീല്‍ റിമ്മുകള്‍ നല്‍കിയിരിക്കുന്നു.
ഇലക്ട്രിക് അംബാസഡറിന്റെ പവര്‍ട്രെയ്ന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഡിസി2 വെളിപ്പെടുത്തിയില്ല. എന്നാല്‍ പൂര്‍ണ വൈദ്യുത വാഹനത്തിന് ഉള്ള എല്ലാ സവിശേഷതകളും ഇതിനു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഓള്‍ ഇലക്ട്രിക് ഡ്രൈവ്ട്രെയ്ന്‍ എന്നിവ പരിഗണിക്കുമ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ വില കൂടുതലായിരിക്കും. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യകാല കാറുകളിലൊന്നായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍. ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന ബ്രിട്ടീഷ് ഓക്‌സ്‌ഫോര്‍ഡ് 3 സീരീസിന്റെ ചുവടുപിടിച്ചാണ് ആദ്യ അംബാസിഡര്‍ നിര്‍മ്മിക്കുന്നത്. 1960നും 70നും ഇടയ്‌ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡര്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുന്നത്.
ഒരുകാലത്ത് ഇന്ത്യയിലെ സാധാരണക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനമായിരുന്നു അംബി. എന്നാല്‍ എണ്‍പതുകളുടെ പകുതിയില്‍ മാരുതി 800ന്റെ വരവോടെ അംബാസിഡര്‍ യുഗത്തിന് മങ്ങലേറ്റു. ക്രമേണ 2014ല്‍ അംബാസഡര്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പൂര്‍ണമായും തുടച്ചു നീക്കപ്പെട്ടു. പക്ഷേ ഈ റിയര്‍ വീല്‍ ഡ്രൈവ് സെഡാന്‍ ഇപ്പോഴും നിരവധി സെലിബ്രിറ്റികളുടെയും രാഷ്‌ട്രീയ നേതാക്കളുടെയുമൊക്കെ ഗാരേജില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: