തിരുവനന്തപുരം: ലോക്ഡൗണ്‍ കേരളത്തിലെ കര്‍ഷകരെ കടക്കെണിയിലേക്ക്. കാര്‍ഷിക വായ്പ എടുത്തവരാണ് നിലവിലെ നിയന്ത്രണങ്ങളില്‍ പെട്ടുപോയത്. വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും കാര്‍ഷിക വായ്പകള്‍ കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ പുതുക്കണമെന്നതിന് ബാങ്കുകള്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്നതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി ലഭിക്കുന്ന കാര്‍ഷിക വായ്പ എടുത്തവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കാര്‍ഷിക സ്വര്‍ണപ്പണയവായ്പ എടുത്തവര്‍ ഒരുവര്ഷക്കാലാവധി പൂര്ത്തിയാകുംമുന്പ് പുതുക്കിയാല്‍ മാത്രമേ സബ്സിഡി ലഭ്യമാകൂ. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷിക സ്വര്‍ണപ്പണയ വായ്പകള്‍ പഴയതുപോലെ പുതുക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കുമാത്രമേ കാര്‍ഷിക സ്വര്‍ണ പണയ വായ്പകള്‍ ഇനി ലഭ്യമാവുകയുള്ളൂ.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്ക് അതുവഴി വായ്പ ലഭ്യമാകണമെങ്കില്‍ കരമടച്ച രസീതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും വിള ഇന്‍ഷുറന്‍സിന്റെ രസീതോ അല്ലെങ്കില്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റോ വേണം. എങ്കില്‍ മാത്രമേ സെന്റിന് 2000 രൂപ നിരക്കില്‍ വായ്പ ലഭ്യമാവൂ. ഇതുതന്നെ വിളകളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ലഭ്യമാവൂ. ലോക്ഡൗണ്‍ കാലയളവില്‍ ഇതിനാല്‍ കാര്‍ഷിക വായ്പ കാലാവധി പൂര്‍ത്തിയാകുന്നവര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ വഴി വീണ്ടും വായ്പ എടുക്കാനാവില്ല.
ഇതിനേക്കാളേറെ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത് കാര്‍ഷിക വായ്പകള്‍ ഒരുകാരണവശാലും പുതുക്കാനാവില്ലന്നെ അവസ്ഥയാണ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഷിക വായ്പകള്‍ കാലാവധി കഴിഞ്ഞാല്‍ വായ്പാ തുക പൂര്‍ണമായും അടയ്ക്കാതെ തന്നെ നിലവിലെ സ്വര്‍ണം വച്ച് സാധാരണസ്വര്ണ പണയ വായ്പയിലേക്ക് മാറ്റാമായിരുന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളും വാണിജ്യബാങ്കുകളും ലോക്ഡൗണ്‍ കാലയളവില്‍ സ്വര്‍ണപ്പണയ വായ്പ നല്‍കാതായതോടെ കര്‍ഷകര്‍ മുഴുവന്‍ ലോണ്‍തുകയും കണ്ടെത്തി ബാങ്കില്‍ അടച്ചാല്‍ മാത്രമേ ലോണ്‍ അടവുപൂര്ത്തിയാവുകയും സബ്സിഡി ലഭിക്കുകയും ചെയ്യുകയുള്ളൂ എന്നാണ് ബാങ്കുകളുടെ നിലപാട്.
ഇതോടെ തുക പൂര്‍ണമായും കണ്ടെത്തി അടച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ഒരുവര്‍ഷത്തെ സാധാരണ സ്വര്‍ണപണയ വായ്പയുടെ പലിശ നല്‍കേണ്ടിവരുമെന്ന സ്ഥിതിയാണ്. എവിടെന്നെങ്കിലും പണം കണ്ടെത്തി അടച്ചാലും എടുക്കുന്ന സ്വര്‍ണം പണയം വച്ച് എന്തെങ്കിലും ചെയ്യാനാകില്ല എന്ന അവസ്ഥയുമാണ് കര്‍ഷകര്‍ക്ക്. പല ബാങ്കുകളിലും സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ക്ക് വരാനാകുന്നില്ല എന്ന കാരണം പറഞ്ഞും ജീവനക്കാരില്ലെന്ന കാരണം പറഞ്ഞുമൊക്കെയാണ് സ്വര്‍ണപ്പണയ വായ്പ നിഷേധിക്കുന്നത്. എന്നാല്‍ ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണപണയ വായ്പ നല്‍കാത്തത് എന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: