കൊല്ലം: നിസ്സഹായനായ അച്ഛന്റെ കണ്ണുകളിലേക്ക് അവസാനവട്ടം അവന് നോക്കി. നിറഞ്ഞൊഴുകുകയായിരുന്നു ആ കണ്ണുകള്‍. അവന്റെ കണ്ണുകളും ഈറനണിഞ്ഞു. ജില്ലാ ആശുപത്രിയില്‍ ഭിന്നശേഷിക്കാരനായ മകനെ ദുരിതക്കിടക്കയിലായ അച്ഛന് വേര്‍പിരിഞ്ഞ ദൃശ്യം അവര്‍ക്ക് കൈത്താങ്ങായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗണേഷന്റെ മനസില്‍നിന്നും ഇനിയും മായുന്നില്ല.
മൂന്നുകൊല്ലമായി അഞ്ചാലുംമൂട്ടിലെ ലോഡ്ജില്‍ ഒറ്റമുറിയില്‍ കഴിയുകയായിരുന്നു മുന്‍ വ്യാപാരിയായ രഘുനാഥന്‍നായരും (67) മകന് ഹരിശങ്കറും (32). ഉറ്റവരാരുമില്ല. സാനിട്ടറി വ്യാപാരം തകര്‍ന്നതോടെ രഘുനാഥന് വലിയ കടക്കാരനായി. 28 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. രണ്ടാമത് വിവാഹിതനായെങ്കിലും അവര്‍ ആദ്യ ഭാര്യയിലുള്ള മകനെ നോക്കുവാനാകില്ലെന്ന് പറഞ്ഞ് പിണങ്ങിപ്പോയി.
ഏകമകനെ പൊന്നുപോലെയാണ് അച്ഛന് നോക്കുന്നത്. ചങ്ക് പറിച്ചെടുക്കുന്ന വേദനയോടെയാണ് ഭിന്നശേഷിക്കാരനായ മകനെ ചാത്തന്നൂരിലെ അഭയകേന്ദ്രമായ ആനന്ദത്തീരത്തേക്ക് അദ്ദേഹം കഴിഞ്ഞ ദിവസം യാത്രയാക്കിയത്. ശനിയാഴ്ച രോഗം കടുത്ത് രഘുനാഥനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുശേഷം നോക്കാന്‍ ആരുമില്ലാതെ, വിശന്നുകരയുന്ന നിലയില്‍ ഹരിശങ്കറിനെ അഞ്ചാലുംമൂട് പോലീസാണ് സാമൂഹ്യപ്രവര്‍ത്തകരായ ഗണേഷിനെയും ബാബുവിനെയും ഏല്‍പ്പിച്ചത്. അച്ഛനെ കണ്ട ശേഷമാണ് അവന്റെ മുഖം തെളിഞ്ഞത്, ആഹാരം കഴിച്ചത്. പിന്നീട് അച്ഛന്റെ അനുവാദത്തോടെ ആനന്ദതീരത്തെത്തിക്കുകയായിരുന്നു.
അച്ഛനോട് മാത്രം വലിയ ആത്മബന്ധമുള്ള മകന്
ഈ അച്ഛന്റെയും മകന്റെയും സ്നേഹം കാണാത്തവരായി ആരുമില്ല. കഷ്ടപ്പാടുകള്‍ക്കിടയിലും മകനെ നല്ല വസ്ത്രങ്ങള്‍ അണിയിച്ച് എല്ലായിടവും കൊണ്ടു നടക്കുന്നത് പതിവുകാഴ്ചയാണ്. എല്ലാ ദിവസവും ഇവര്‍ കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിലെത്തി വണങ്ങും.
സൂരജ് തിരുമുല്ലവാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: