തിരുവനന്തപുരം: കാക്കകളുടെ കൂട്ടമായിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കല്ലുകള്‍ക്ക് ചുറ്റും ഇപ്പോള്‍ കാക്കളെ കാണാനില്ല. പരേതാത്മാക്കള്‍ക്ക് ബലി തര്‍പ്പണം നടത്തി മോക്ഷപ്രാപ്തി നേടാനാണ് പിണ്ഡ ചോറ് കാക്കകള്‍ക്കായി ബലിക്കല്ലുകളില്‍ വിതറുന്നത്. കാക്കകള്‍ പ്രത്യേകിച്ച് ബലികാക്കകള്‍ കൊത്തി തിന്നുന്നതോടെ മോക്ഷപ്രാപ്തി നേടുമെന്നാണ് ഹൈന്ദവ വിശ്വാസം. കര്‍ശനമായ കോവിഡ് നിയന്ത്രണം തുടങ്ങിയ ശേഷം വീടുകളിലാണ് പിതൃതര്‍പ്പണം നടത്തുന്നത്.
ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ബലിതര്‍പ്പണത്തിനും തിലഹോമത്തിനും ക്ഷേത്രഭരണസമിതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ ബലിതര്‍പ്പണത്തിനായി ആരും എത്തുന്നില്ല. തര്‍പ്പണ ചടങ്ങുകള്‍ നടക്കാതായതോടെ ബലിച്ചോറുണ്ണാന്‍ കാക്കകളും മറ്റ് പക്ഷികളും വരാതെയായി. ആളൊഴിഞ്ഞ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജാചടങ്ങുകള്‍ മാത്രമാണ് നടക്കുന്നത്.
ബലി തര്‍പ്പണത്തിന് പ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ദിവസവും ആയിരങ്ങളാണ് വിവിധയിടങ്ങളില്‍ നിന്ന് ബലിചടങ്ങുകള്‍ക്കായി എത്തിയിരുന്നത്. ക്ഷേത്രത്തിനുള്ളില്‍ ബലിതര്‍പ്പണ സൗകര്യമുള്ള ഒരേയൊരു ക്ഷേത്രമാണ് തിരുവല്ലം പരശുരാമക്ഷേത്രം. ഹൈന്ദവ വിശ്വാസമനുസരിച്ചു മരണശേഷം ആത്മാക്കള്‍ പിതൃക്കളായി മാറുന്നു എന്നാണ് വിശ്വാസം. പൂര്‍വികരുടെ ആത്മശാന്തിക്കായാണ് ഹൈന്ദവര്‍ പിതൃതര്‍പ്പണം നടത്തുന്നത്. വര്‍ഷം മുഴുവന്‍ ബലിയിടാന്‍ സാധിക്കുന്ന ക്ഷേത്രമായതിനാല്‍ ദിവസവും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്ര നാലമ്പലത്തിന് ഉള്ളിലുള്ള ബലിമണ്ഡപങ്ങളിലാണ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കുന്നത്. അവിടെനിന്നും ക്ഷേത്ര ചുറ്റമ്പലത്തിന് പുറത്തായി സ്ഥാപിച്ചിട്ടുള്ള ഒമ്പത് ബലികല്ലുകളില്‍ പിണ്ഡചോര്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ത്രിവേണി സംഗമസ്ഥാനമായ കടവില്‍ ബാക്കിയുള്ള ചോര്‍ ബലി അര്‍പ്പിച്ച് കുളിക്കും.
ബലിക്കല്ലില്‍ അര്‍പ്പിച്ച ബലിച്ചോര്‍ കാക്കകള്‍ ഭക്ഷിക്കുന്നതുകാണുമ്പോഴാണ് ബലിതര്‍പ്പണം ചെയ്തവരുടെ മനസ് നിറയുന്നത്. ആയിരക്കണക്കിന് ബലിതര്‍പ്പണവും തിലഹോമവുമാണ് ദിവസവും ഇവിടെ നടന്നിരുന്നത്. അതിനാല്‍ തന്നെ ബലിതര്‍പ്പണ ചോറുണ്ണാന്‍ എണ്ണമറ്റ കാക്കകളും എത്തിയിരുന്നു. ഇപ്പോള്‍ തര്‍പ്പണചടങ്ങുകള്‍ നടക്കാതായതോടെ കാക്കകളും എത്താതായി….ലോക്ക്ഡൗണ്‍ തീരുന്ന കാലവുംകാത്ത് കാക്കകളും എവിടെയോ മറഞ്ഞിരിക്കുകയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: