ഭോപ്പാല്‍: നിസാമുദ്ദീന്‍ മതസമ്മേളനത്തിന് എത്തിയവരെ ഒഴപ്പിക്കാന്‍ സഹായിച്ച പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തബ്‌ലീഗില്‍ പങ്കെടുത്തശേഷം വിവിധ പള്ളികളില്‍ താമസിച്ചിരുന്ന ഇവരെ ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ച പത്ത് പോലീസുകാര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഭോപ്പാലിലാണ് സംഭവം. നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ ഭോപ്പാലിലെ പള്ളികളില്‍ എത്തിയിരുന്നു. സിറ്റി പോലീസ് സുപ്രണ്ട്, സബ് ഇന്‍സ്‌പെക്ടര്‍, എട്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് പോലീസുകാരും ബന്ധുക്കളും ക്വാറന്റീനില്‍ പ്രവേശിച്ചു.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തബ്‌ലീഗില്‍ പങ്കെടുത്ത് പ്രദേശത്തെ പള്ളികളില്‍ താമസിച്ചിരുന്നവരെയെല്ലാം ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഭോപ്പാലിലെ ജഹാന്‍ഗിരാബാദ്, ഐഷ്ബാഗ് പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാര്‍ ആണ് പള്ളികളിലും ടിടി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കോളനിയിലും താമസിച്ചുവരികയായിരുന്ന തബ്‌ലീഗ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്.
പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭോപ്പാലിലെ എല്ലാ പോലീസ് സ്‌റ്റേഷനും അണുവിമുക്തമാക്കും. 1000 പോലീസുകാരെ നിലവില്‍ നിരീക്ഷണത്തിനായി ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജോലിക്കിടെ സാമൂഹിക അകലം പുലര്‍ത്താന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഭോപ്പാല്‍ ഐജി ഉപേന്ദ്ര ജെയില്‍ അറിയിച്ചു.
ഏഴ് വിദേശികള്‍ ഉള്‍പ്പെടെ മതസമ്മേളനത്തില്‍ പങ്കെടുത്ത 32 പേരെയാണ് പോലീസ് ഭോപ്പാലിലെ വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. മധ്യപ്രദേശില്‍ 38 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഭോപ്പാലില്‍ മാത്രം 83 പേര്‍ക്കാണ് രോഗബാധയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: