കോവിഡ് 19 രോഗം എല്ലാ മനുഷ്യരോടും ഒരുപോലെയാണ് പെരുമാറുന്നത്. വലിപ്പച്ചെറുപ്പ മോ സ്ഥാനമാനങ്ങളോ നോക്കാതെയാണ് പിടിപെടുന്നത്. അതിനെതിരെ ലോകത്തെങ്ങും സ്തുത്യര്‍ഹമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നുണ്ട്. കേരളത്തിലും ആരോഗ്യമേഖല നിതാന്ത ജാഗ്രതയിലും അക്ഷീണ പ്രവര്‍ത്തനങ്ങളിലുമാണ്. അവരെ ഉള്‍പ്പെടെ ആദരിക്കാന്‍ പ്രതീകാത്മകമായ പരിപാടിയും നടക്കുകയുണ്ടായി. ലോകമൊട്ടുക്കും നടക്കുന്ന അത്തരം പരിപാടിയിലും ഭാരതം അതിന്റേതായ പങ്കു നിര്‍വഹിച്ചു. ചില തത്പരകക്ഷികള്‍ എതിര്‍ത്തെങ്കിലും അഭൂതപൂര്‍വമായ സ്വീകാര്യതയാണ് ലഭിച്ചത്.
കോവിഡ് 19 മൂലം ജീവിതത്തിന്റെ താളം തെറ്റിയത് ആര്‍ക്കും അനുഭവിച്ചറിയാമായിരിക്കുന്നു. അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്നവര്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണമുള്ളവര്‍ സാധനങ്ങള്‍ വാരിക്കൂട്ടി കലവറ നിറയ്ക്കുമ്പോള്‍ കണ്ണീര് നിറച്ച പാത്രങ്ങളാണ് അത്തരക്കാര്‍ക്ക് മുമ്പിലുള്ളത്. ഔദ്യോഗിക തലത്തില്‍ നടക്കുന്ന പല സഹായങ്ങള്‍ക്കും അപ്പുറത്താണ് അവരില്‍ പലരും. ചില വിഭാഗങ്ങള്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു ചിലര്‍ക്ക് അത് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അത്തരം വിഭാഗത്തില്‍ പെട്ടവരാണ് അമ്പലവാസികള്‍ എന്നറിയപ്പെടുന്ന ചിലര്‍. ക്ഷേത്രശാന്തിയും പൂജയുമായി നടക്കുന്ന അത്തരക്കാരുടെ നേരെ കാരുണ്യത്തിന്റെ കണ്ണുതുറക്കുന്നില്ല. മത വിദ്യാഭ്യാസം നടത്തുന്ന ചിലര്‍ക്ക് ക്ഷേമനിധി വഴി ആശ്വാസധനത്തിന് ഏര്‍പ്പാട് ചെയ്ത സര്‍ക്കാര്‍ പൂജയും ശാന്തിയുമായി നടക്കുന്നവരെ തികച്ചും അവഗണിച്ചിരിക്കുകയാണ്. ഒന്നാം നമ്പര്‍ ക്ഷേത്രങ്ങളിലെ ഈ പറഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വലിയ പ്രശ്നമില്ലെങ്കിലും ഇടത്തരം ക്ഷേത്രങ്ങളിലെ സ്ഥിതി അതല്ല. കൊറോണക്കാലത്തെ നിബന്ധന മൂലം ഭക്തരാരും ക്ഷേത്രങ്ങളിലെത്തുന്നില്ല. അതിനാല്‍ തന്നെ ദക്ഷിണയായും മറ്റും ശാന്തിക്കാര്‍ക്ക് ഒന്നും കിട്ടുന്നില്ല. പരമദയനീയാവസ്ഥയില്‍ കഴിയുന്ന അവരെ തിരിഞ്ഞ് നോക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിന്റെ പിന്നിലെ താല്പര്യം സുവ്യക്തമാണ്. അസംഘടിത സമൂഹത്തിലെ അംഗങ്ങളാണവര്‍. അവരില്‍ നിന്ന് പിടിച്ചെടുത്ത് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എങ്ങനെ വാരിക്കോരി കൊടുക്കാം എന്ന ചിന്തയേ സര്‍ക്കാരിനുള്ളൂ.
ദേവസ്വംബോര്‍ഡ് എന്നൊരു സംവിധാനം ഉണ്ടെങ്കിലും ദേവഹിതത്തിനൊത്ത് നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാവാനല്ല അവര്‍ നിലകൊള്ളുന്നത്. ബോര്‍ഡുവഴി എന്തൊക്കെ തട്ടിക്കൂട്ടാം എന്നേ അവര്‍ക്ക് ചിന്തയുള്ളൂ. അതിനനുസരിച്ച നിയമനങ്ങളും നിയമങ്ങളുമാണല്ലോ ഉള്ളത്. ദേവസ്വം മന്ത്രിയാണെങ്കില്‍ ഇതിലൊന്നും താല്പര്യമുള്ളയാളുമല്ല. ‘ഒരമ്പലം നശിച്ചാല്‍ അത്രയും നന്നായി’ എന്ന് കരുതുന്നവര്‍ക്ക് അമ്പലവാസികളോട് താല്പര്യമുണ്ടാവാന് വഴിയില്ലല്ലോ. ദൈവനിഷേധത്തിന് കൊറോണക്കാലം ഉപകരിക്കും എന്ന് കരുതുന്നവരാണ് അതില്‍ ഭൂരിപക്ഷവുമുള്ളത്.
ഏതായാലും അഷ്ടിക്ക് വകയില്ലാത്ത ശാന്തിമാരുടെയും പൂജാരിമാരുടെയും കാര്യത്തില്‍ സര്‍ക്കാര്‍ മാനുഷിക പരിഗണന വെച്ച് സഹായധനം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സ്വീകരിക്കണം. വന്‍കിട ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ധനത്തില്‍ നിന്ന് പരിമിതമായ തുക ഇക്കാര്യത്തിനായി മാറ്റിവെക്കാന്‍ കഴിയുന്നതല്ലേ? ദേവസ്വംബോര്‍ഡിനെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിക്കൂടേ? തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിക്കുന്ന കാര്യത്തില്‍ പോലും ഉദാരനിലപാട് സ്വീകരിക്കാന്‍ ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് ഈ പാവം മനുഷ്യരോട് ഇത്തിരി കനിവ് കാണിച്ചുകൂടേ? ദൈവനിഷേധമെന്ന സ്വതേയുള്ള സ്വഭാവ വിശേഷം മഹാമാരിയുടെ പശ്ചാത്തലത്തിലെങ്കിലും മാറ്റിവെക്കുമ്പോഴാണ് മാനവികത പുഷ്കലമാകുന്നത്. ആഡംബരത്തിന്റെ പതിനാറുകൂട്ടം കറികള്‍ കൂട്ടിയൂള്ള സദ്യയല്ലല്ലോ അവര്‍ ആവശ്യപ്പെടുന്നത്. ഒരു നേരം ഇത്തിരി കഞ്ഞികുടിച്ച് കഴിയാനുള്ള അവസരമല്ലേ? ക്ഷേത്ര സംരക്ഷണ സമിതി ഇത് സംബന്ധിച്ചു നല്കിയ നിവേദനത്തിന് മാനുഷികതലത്തില്‍ നിന്നുള്ള നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ കരുതുന്നു. അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായം നല്‍കലാണ് മാനുഷികതയെന്ന് ‘ജനകീയ’ സര്‍ക്കാരിന് പറഞ്ഞു തരേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: