കൊച്ചി : ലോക് ടൗൺ കാലത്ത് മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്കും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി. മൃഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. തന്റെ വീട്ടിലെ പൂച്ചകള്‍ക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ അനുമതി നിഷേധിച്ച പോലീസ് നടപടിയ്‌ക്കെതിരെ എറണാകുളം മരട് സ്വദേശി എന്‍.പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പ്രകാശിന് പൂച്ചകള്‍ക്ക് ബിസ്കറ്റ് വങ്ങാന്‍ പോകാന്‍ ഹൈക്കോടതി അനുമതിയും നൽകി. മരടില്‍ താമസിക്കുന്ന പ്രകാശ് കടവന്ത്രയില്‍ ആശുപത്രിയില്‍ നിന്ന് പൂച്ചകള്‍ക്കുള്ള ബിസ്ക്കറ്റ് വാങ്ങാന്‍ പോലീസിനോട് അനുമതി തേടിയിരുന്നു. എന്നാല്‍, അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്.
മൂന്ന് പൂച്ചകളാണ് പ്രകാശിന് ഉള്ളത്. സസ്യാഹാരം മാത്രം കഴിക്കുന്ന ആളായതിനാല്‍ വീട്ടില്‍ മാംസാഹാരം പാകം ചെയ്യാറില്ല. പൂച്ചകള്‍ കാലങ്ങളായി പ്രത്യേക ബിസ്ക്കറ്റാണ് കഴിക്കുന്നത്. അതില്ലാതെ അവയ്‌ക്ക് ജീവിക്കാനാവില്ല. മൃഗങ്ങള്‍ക്കുള്ള ഭക്ഷണവും കേന്ദ്രസര്‍ക്കാര്‍ അവശ്യ സേവനങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പ്രകാശ് ചൂണ്ടിക്കാട്ടി.
പ്രകാശിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി പൂച്ചകള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി പുറത്തു പോകാന്‍ അനുവദിക്കാന്‍ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: