കോഴിക്കോട്: രാജ്യം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യ ദീപം തെളിയിക്കലിനെതിരെ സോഷ്യല്‍ മീഡിയിലൂടെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്ത കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ വി.പി.മിനി ശശികുമാറിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് ബി.ജെ.പി.ഉത്തരമേഖല വൈസ് പ്രസിഡണ്ട് ടി.വി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ അംഗീകരിക്കേണ്ടി വരും തനിക്കതിന്റെ ആവശ്യമില്ലെന്ന് പറയുന്നത് ഡി.ഡി.ഇ മിനി ശശികുമാര്‍ മുഖ്യമന്ത്രിക്ക് മുകളിലാണെന്നുള്ള സ്വയം പ്രഖ്യാപനമാണ്, ഒരു ഉദ്യോഗസ്ഥന് കാണിക്കേണ്ട മര്യാദയുടെ ലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇവര്ക്കിഷ്ടമെങ്കില് ജോലി രാജി വെച്ച് രാഷ്ട്രീയത്തിലിറങ്ങാം. സര്‍ക്കാര്‍ ശമ്പളം പറ്റി വിദ്യാഭ്യാസ വകുപ്പില്‍ കക്ഷിരാഷ്ടീയ പ്രവര്‍ത്തനം നടത്തുന്നത് ഭൂഷണമല്ല. നരേന്ദ്ര മോദി പ്രധാനമന്ത്രി എന്ന നിലയിലാണ് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്.
മുഖ്യമന്ത്രിയും വിദ്യാഭാസമന്ത്രിയും ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുത്തത് ഇതിനാലാണ്. അവരെക്കാളും വലിയ അധികാരസ്ഥാനത്തല്ല ഡി.ഡി.ഇ എന്ന് ഓര്‍ക്കണം .സര്‍ക്കാര്‍ തീരുമാനത്തെ സോഷ്യല്‍ മീഡിയിലൂടെ വിമര്‍ശിച്ച നടപടി ശരിയല്ല.വിളക്ക് കത്തിക്കാറില്ലെന്ന് പറഞ്ഞ ഡി.ഡി.ഇ.ഇരുട്ടിനെയാണ് ഇഷ്ടപ്പെടുന്നതെങ്കിലും സാധാരണക്കാര്‍ വെളിച്ചത്തോടാണിഷ്ടം. ഇവരെ പോലുള്ളവര്‍ വിദ്യാഭ്യാസ മേഖലക്ക് തന്നെ അപമാനമാണ്. കോഴിക്കോട് ഡി.ഡി.ഇ യുടെ ഇത്തരം നിലപാടിനെതിരെ നടപടിയെടുക്കാന്‍ വിദ്യാഭാസ മന്ത്രി തയ്യാറാവണം ടി.വി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: