കൊച്ചി: കളമശ്ശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട എറണാകുളം സ്വദേശിയായ 65കാരൻ ഹൃദയാഘാതം മൂലം മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിയായ മുരളീധരനാണ് മരിച്ചത്. നാല് ദിവസമായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ ആശ്വാസത്തിലായിരുന്നു എറണാകുളം ജില്ല. അതിനിടെ 65 കാരന്റെ മരണം ആശങ്കപരത്തി. ഇയാളുടെ സ്രവപരിശോധന ഫലം ലഭിക്കാനുണ്ട്.
ഇയാൾ വീട്ടിൽ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു. പരിശോധനാഫലം വന്ന ശേഷമേ മൃതദേഹം സംസ്കരിക്കുകയുള്ളൂ. കേന്ദ്ര സർക്കാരിന്റെ ഹോട്ട് സ്പോട്ട് ജില്ലകളുടെ പട്ടികയിലുള്ള എറണാകുളത്ത് നിലവിൽ 18 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുൾപ്പടെ 25 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേർ രോഗം ഭേദമയതിനെ തുടർന്ന് ആശുപത്രി വിട്ടു. പുതിയതായി 42 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിലും, ആശുപത്രികളിലുമായി നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 707 ആയി.
ഇന്നലെ 2 പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.
















