ന്യൂദല്‍ഹി: കൊറോണ കായിക ലോകത്തെ അടക്കം എല്ലാ മേഖലയേയും പിടികൂടിയിരിക്കുകയാണ്. ഇതോടെ കളിപ്രേമികളുടെ കാര്യവും വലിയ കഷ്ടത്തിലാണ്. എന്നാല്‍ ഇതില്‍ നിന്ന് മോചനമേകുന്ന, ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ബിസിസിഐ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
2000 മുതലുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ ഇക്കാലയളവില്‍ ഡിഡി സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്യുമെന്ന് ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു. 2000 മുതല്‍ നടന്ന മത്സരങ്ങളുടെ ഹൈലൈറ്റ്സ് വരും ദിവസങ്ങളില്‍ ഡിഡി സ്പോര്‍ട്സില്‍ കാണാം.
നേരത്തെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 1992 ലോകകപ്പ് മുതല്‍ ഇങ്ങോട്ട് ലോകകപ്പ് വേദിയില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയ മത്സരങ്ങളാണ് ഏപ്രില്‍ നാല് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുന്നത്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണമൊന്നും ഇല്ലാത്തതിനാല്‍ എല്ലാ സ്പോര്‍ട്സ് ചാനലുകളും പഴയ മത്സരങ്ങളും ടൂര്‍ണമെന്റുകളുമാണ് സംപ്രേഷണം ചെയ്യുന്നത്.
കൊവിഡ്-19 പകര്‍ച്ച വ്യാധി മൂലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇനിയും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിസകളെ കുറിച്ചുള്ള ഇന്ത്യാ സര്‍ക്കാരിന്റേയും കായിക മന്ത്രാലയത്തിന്റെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബിസിസിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: