കൊല്ലം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. ഇയാളെ തടയാന്‍ ശ്രമിക്കവെയാണ് യുവതിയുടെ അമ്മയ്ക്ക് പൊള്ളലേറ്റത്.
കൊല്ലത്ത് കാവനാട് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. തമിഴ്നാട് അംബാസമുദ്രം സ്വദേശി ശെല്‍വമണി, ബന്ധുവായ കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്റെ ഭാര്യ ഗേട്ടി രാജന് (കൊച്ചുമോളി-57) എന്നിവരാണ് മരിച്ചത്.
ഗേട്ടിയുടെ സൗദിയില്‍ ജോലിയുള്ള രണ്ടാമത്തെ മകളെ വിവാഹം ചെയ്യണമെന്ന്് ശെല്‍വമണി നിരന്തരം ആവശ്യപ്പെട്ടിരുന്നതായി മൂത്തമകള്‍ പറയുന്നു. രണ്ടുമക്കളുള്ള യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവരുടെ ദാമ്പത്യപ്രശ്നം പരിഹരിക്കാനാണ് ശെല്‍വമണിയും ഭാര്യയും ഇടപെട്ടത്. എന്നാല്‍ ശെല്‍വണിയും യുവതിയുമായി പ്രണയത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. അതോടെ മകളെ വിവാഹം കഴിപ്പിച്ചു നല്‍കണമെന്ന് ശെല്‍വമണി ഗേട്ടിയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടു. എന്നാല്‍ ഗേട്ടിയും രാജനും ശെല്‍വമണിയുടെ ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല യുവതി ജോലി കിട്ടി സൗദി അറേബ്യയിലേക്ക് പോകുകയും ചെയ്തു. ഫെബ്രുവരി 14നാണ് യുവതി അവധിക്ക് നാട്ടിലെത്തിയത്.
ഇതറിഞ്ഞ് ശെല്‍വമണി കഴിഞ്ഞദിവസം ശക്തികുളങ്ങര ഹാര്‍ബറിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിലെത്തി. ശക്തികുളങ്ങര പെട്രോള്‍പമ്പില്‍ നിന്ന് രണ്ടു കന്നാസ് പെട്രോളും വാങ്ങിയിരുന്നു. ഇതുമായി ഞായറാഴ്ച അര്‍ധരാത്രിയോടെ യുവതിയുടെ കാവനാട്ടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഇതുകണ്ട് യുവതിയും മക്കളും വീട്ടിലുണ്ടായിരുന്ന സഹോദരിയും കുടുംബവും രക്ഷപ്പെടാനായി പിന്‍വാതിലിലൂടെ ഓടി. ഇയാള്‍ അവിടെയുമെത്തി പെട്രോളൊഴിച്ച് തീയിട്ടു. അതോടെ ഇവര്‍ വീടിനുള്ളിലേക്കു തന്നെ പിന്തിരിഞ്ഞ് ഓടി. ഇതിനിടെ വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങളിലേക്ക് തീ പടര്‍ന്നു. ഇത് കെടുത്താനായി ശ്രമിച്ച ഗേട്ടിയും അവരെ തടയാന്‍ ശ്രമിച്ച ശെല്‍വമണിയും തീയിലേക്ക് വീഴുകയായിരുന്നു.
തീ ആളിപ്പടരുന്നതിനിടെ ഓടി രക്ഷപ്പെട്ടതിനാല്‍ മറ്റാര്‍ക്കും പരിക്കേറ്റില്ല. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഗേട്ടിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഇവരും മരണത്തിനു കീഴടങ്ങി. തമിഴ്നാട് അംബാസമുദ്രത്തില്‍ കട നടത്തുകയായിരുന്നു ശെല്‍വമണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: