ന്യൂയോര്‍ക്ക്: യൂറോപ്പിലും അമേരിക്കയിലും കൊറോണ മരണം വിതച്ചതോടെ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത വാക്ക്പോര്. മരുന്നും ചികിത്സാ ഉപകരണങ്ങളും അമേരിക്ക തട്ടിയെടക്കുകയാണെന്നാണ് ആരോപണം. ജര്‍മനിയും കാനഡയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വൈകാതെ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും ഈ ആരോപണവുമായി രംഗത്തു വന്നേക്കും.
മരുന്ന്, മാസ്ക്, സാനിറ്റൈസര്‍, ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള പ്രത്യേക ജാക്കറ്റുകള്‍ തുടങ്ങി മിക്കവയ്ക്കും യൂറോപ്പിലും അമേരിക്കയിലും കടുത്ത ക്ഷാമമാണ്. പല രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ പറഞ്ഞുവയ്ക്കുന്ന മരുന്നും ഉപകരണങ്ങളും അമേരിക്ക തട്ടിയെടുക്കുകയാണെന്ന ആരോപണമാണ് ശക്തമായത്. അമേരിക്കയുടെ സഖ്യകക്ഷികള്‍ തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്.
ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് ജര്‍മനിക്ക് അയക്കാന്‍ വിമാനത്തില്‍ കയറ്റിയ രണ്ടു ലക്ഷം എന്‍ 95 മാസ്ക്കുകള്‍ അമേരിക്ക തട്ടിയെടുത്തുവെന്നാണ് ജര്‍മനിയുടെ ആരോപണം. വിമാനത്തിന്റെ ഗതി മാറ്റിവിട്ട് ഇവ സ്വന്തമാക്കിയ അമേരിക്കയുടെ നടപടിയെ ആധുനിക കടല്‍ക്കൊള്ളയെന്നാണ് ജര്‍മനി വിശേഷിപ്പിച്ചത്. ചൈനയിലെ യുഎസ് കമ്പനി നിര്‍മിച്ച രണ്ടു ലക്ഷം മാസ്ക്കുകള്‍ക്ക് ജര്‍മനി ഓര്‍ഡര്‍ നല്‍കിയതാണ്. ജര്‍മന്‍ പോലീസുകാര്‍ക്കു വേണ്ടിയായിരുന്നു ഇത്. ഇതാണ് കമ്പനിയെ ഭീഷണിപ്പെടുത്തി അമേരിക്ക തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം ചൈനയില്‍ നിന്ന് ഫ്രാന്‍സിലേക്ക് അയയ്ക്കാന്‍ തയാറാക്കിയ ഒരു വിമാനം നിറയെ മെഡിക്കല്‍ ഉപകരണങ്ങള്‍ രൊക്കം പണം നല്കി അമേരിക്ക വാങ്ങിയിരുന്നു. കാനഡയും ബ്രസീലും ഇതേ ആരോപണവുമായി രംഗത്തെത്തി. കരാര്‍ ഉറപ്പിച്ച സാധനങ്ങളാണ് അമേരിക്ക തട്ടിയെടുക്കുന്നത്, ഈ രാജ്യങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: