കൊല്ലം: നാടും നഗരവും ലോക് ഡൗണില്‍, സുഷുപ്തിയില്‍. ഇരുട്ടിന്റെ മറപറ്റി ഒരു കുടുംബത്തെ കത്തിച്ചു ചാമ്പലാക്കാനെത്തി ഒടുവില്‍ സ്വയം കത്തി തീര്‍ന്നു. കടവൂര്‍ സ്വദേശി ശെല്‍വമണി(37)യുടെ വിധി അതായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനം കനത്ത സുരക്ഷയില്‍ കഴിയുമ്പോഴാണ് കാവനാട് മുക്കാട് പള്ളിക്ക് സമീപം നാടിനെ ഞെട്ടിച്ച സംഭവം. ബന്ധുവായ യുവതിയുമായി ശെല്‍വണിക്കുണ്ടായ വഴിവിട്ട അടുപ്പമാണ് രണ്ടുപേരുടെ ദാരുണാന്ത്യത്തില്‍ കലാശിച്ചത്.
കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്‍-ഗേട്ടിരാജന്‍ ദമ്പതികളുടെ ബന്ധുവാണ് ശെല്‍വമണി. ഇവരുടെ രണ്ടാമത്തെ മകള്‍ ആശയുമായുള്ള ശെല്‍വമണിയുടെ വഴിവിട്ട അടുപ്പമാണ് ദുരന്തത്തില്‍ കലാശിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ആശ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും ആശയുടെ അമ്മ ഗേട്ടിക്കും മൂത്ത സഹോദരി റൂബിക്കും കുടുംബത്തിനും ഒപ്പം കാവനാട്ടെ വീട്ടിലാണ് താമസിക്കുന്നത്. ആശയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം ഒത്തുതീര്‍ക്കാനാണ് കുടുംബം വിവാഹിതനായ ശെല്‍വമണിയുടെ സഹായം തേടിയത്. ഇതിനുള്ള പരിശ്രമം ആശയും ശെല്‍വമണിയും തമ്മിലുള്ള അടുപ്പത്തില്‍ കലാശിച്ചെന്നാണ് ശെല്‍വമണി മരിക്കും മുമ്പ് നല്കിയ മൊഴിയില്‍ വ്യക്തമാകുന്നത്. ഇതറിഞ്ഞ ഭാര്യ ശെല്‍വമണിയെ ഉപേക്ഷിച്ചു. തുടര്‍ന്ന് ആശയെ വിവാഹം ചെയ്യാനായി ശെല്‍വമണിയുടെ പരിശ്രമം. ഇത് ബന്ധുക്കള്‍ അംഗീകരിച്ചില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ആശയ്‌ക്കും സൗദിയില്‍ ജോലി ലഭിക്കുന്നതും അങ്ങോട്ടേക്ക് പോകുന്നതും. പിണക്കത്തിലായിരുന്ന ആശയുടെ ഭര്‍ത്താവിനും സൗദിയിലാണ് ജോലി. സ്വാഭാവികമായും അവിടെ വച്ച് കണ്ട് ഇരുവരും പതുക്കെ പതുക്കെ പിണക്കം പറഞ്ഞുതീര്‍ത്തു. അതോടെ ശെല്‍വമണിയില്‍ നിന്ന് ആശ പൂര്‍ണമായും അകന്നു. ഈ അകല്‍ച്ചയില്‍ നിന്നുണ്ടായ പകയാണ് ശെല്‍വമണിയെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചത്.
ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചതറിഞ്ഞ് ഫെബ്രുവരി 14ന് ആശ നാട്ടിലേത്തി. ആശയെ നേരില്‍ കാണാന്‍ പലതവണ ശെല്‍വമണി ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് ഈ കൃത്യം നടത്താന്‍ ശെല്‍വമണി തീരുമാനിച്ചത്. തലേദിവസം ശക്തികുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ നിന്നു വാങ്ങി കരുതിവച്ചിരുന്ന പെട്രോളുമായി ഞായറാഴ്ച അര്‍ധരാത്രി രണ്ടുമണിയൊടെ കാമുകിയുടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം പെട്രോള്‍ ഒഴിച്ച് വീടിന്റെ മുന്‍വാതിലും സിറ്റൗട്ടില്‍ ഉണ്ടായിരുന്ന കസേരകളും കത്തിക്കുകയായിരുന്നു.
തീ പടരുന്നതുകണ്ട് ആദ്യം ഓടിയെത്തിയത് ഗേട്ടിയായിരുന്നു. ഇവരുടെ മൂത്ത മരുമകന്‍ മുന്‍വശത്തെ വാതില്‍തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ പെട്രോള്‍ ഒഴിച്ച് ശെല്‍വമണി തീ ആളി കത്തിക്കുകയായിരുന്നു. മരുമകന്റെ നിര്‍ദ്ദേശാനുസരണം പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങാനാണ് ഗേട്ടിയും മക്കളായ റൂബിയും ആശയും ഇവരുടെ കുട്ടികളും പുറകിലേക്ക് എത്തിയത്. ഈ സമയം അടുക്കളവശത്തുള്ള വാതിലിന്റെ ഭാഗത്തെത്തിയ ശെല്‍വമണി വാതില്‍ തുറന്ന് ഇറങ്ങിയവരടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീ കത്തിക്കാന്‍ ശ്രമിച്ചു.
ഗേട്ടിയുടെയും മൂത്തമകള്‍ റൂബിയുടെയും ദേഹത്ത് പെട്രോള്‍ വീണു. ഗേട്ടി മക്കളെയും കൊച്ചുമക്കളെയും തള്ളി അകത്താക്കി. കത്തിക്കാന്‍ ശ്രമിച്ച ശെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. അകത്തേക്ക് ഓടിരക്ഷപ്പെട്ട റൂബിയുടെ വസ്ത്രങ്ങളിലും തീ പിടിച്ചിരുന്നു. എന്നാല്‍ ഓടി ബാത്ത് റൂമില്‍ കയറിയ ഇവര്‍ വെള്ളമൊഴിച്ചു തീയണച്ചു. മറ്റുള്ളവര്‍ മുറിയില്‍കയറി വാതില്‍ അടച്ചു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചാണ് ഇവരെ പുറത്തിറക്കിയത്. വഴിവിട്ട അടുപ്പവും വിവാഹജീവിതത്തിലെ താളപ്പിഴകളുമാണ് രണ്ടുജീവനുകള്‍ അപഹരിക്കുന്നതിലേക്ക് എത്തിച്ച കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: