കോഴിക്കോട്: നേരിയ ചാറ്റല്‍ മഴ, ഇരുളില്‍ പുതിയ കാലത്തിന്റെ നാന്ദി കുറിച്ച് എങ്ങും ദീപങ്ങള്‍. കൊറോണയ്ക്കെതിരായ ഐതിഹാസിക പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഭേദങ്ങളില്ലാതെ ജനത വെളിച്ചത്തിന്റെ വഴിയിലേക്ക്.
ഇന്നലെ രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിറ്റാണ് കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ നാടൊന്നാകെ ദീപം തെളിയിച്ചത്. വീടുകളിലെ വൈദ്യുതി ലൈറ്റുകള്‍ അണച്ച് ചിരാതുകള്‍, മെഴുകുതിരികള്‍, മൊബൈല്‍ ഫ്ളാഷ്, ലൈറ്റ്, ടോര്‍ച്ച് എന്നിവ തെളിയിച്ചായിരുന്നു ജനതയുടെ ഐക്യദാര്‍ഢ്യം. വീടുകളിലെ വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോ നിന്ന് ദീപങ്ങള്‍ തെളിയിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഓരോരുത്തരും തെളിയിക്കുന്ന വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തി പ്രകടനമാകുമെന്നും ദീപം തെളിയിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
കൊറോണ പ്രതിരോധപ്രവര്ത്തനങ്ങളിലേര്പ്പെട്ടവര്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ ജനതാ കര്‍ഫ്യു ദിനത്തില്‍ ശംഖ് വിളിച്ചും കൈകള്‍ കൂട്ടിയടിച്ചും പാത്രങ്ങളില്‍ അടിച്ചും സംഗീതോപകരണങ്ങള്‍ വായിച്ചും ഐക്യദാര്‍ഢ്യം അറിയിക്കാന്‍ നേരത്തെ പ്രധാനമന്ത്രി നല്കിയ ആഹ്വാനവും ജനം ഒറ്റക്കെട്ടായി എറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: