മുക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കാന്‍ അഗ്നിരക്ഷാസേനക്ക് മിസ്റ്റ് ബ്ലോവര്‍ ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നു.
നിലവില്‍ ഫയര്‍ഫോഴ്സിന്റെ പ്രത്യേക വാഹനത്തില്‍ ഘടിപ്പിച്ച പമ്പ് ഉപയോഗിച്ചാണ് പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ സേനാംഗങ്ങളും ആവശ്യമാണ്.
അഗ്നിരക്ഷാസേനയുടെ വാഹനം കടന്നു ചെല്ലാത്ത സ്ഥലങ്ങള്‍, എടിഎം, കെട്ടിടങ്ങളുടെ ഉള്‍വശങ്ങള്‍, ട്രഷറികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, ചെറിയ ഇടവഴി പോലുള്ള സ്ഥലങ്ങള്‍ അണുവിമുക്തമാക്കാന്‍ അഗ്നിരക്ഷാസേനക്ക് നന്നായി കഷ്ടപ്പെടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി ഓരോ ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന മിസ്റ്റ് ബ്ലോവര്‍ സേനയ്ക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ശരീരത്തില്‍ ഘടിപ്പിച്ചുകൊണ്ട് എവിടെയും കയറിച്ചെന്ന് അണുവിമുക്തമാക്കാന്‍ കഴിയുന്ന മിസ്റ്റ് ബ്ലോവര്‍ ഉപയോഗിക്കാന്‍ ഒരാള്‍ മതി എന്നതും നേട്ടമാണ്.
ചെറിയ രീതിയില്‍ അണുവിമുക്തമാക്കേണ്ട സ്ഥലങ്ങളില്‍ വാട്ടര്‍ മിസ്റ്റ് വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ലായനി പാഴാകുന്ന അവസ്ഥയുമുണ്ട്. ഇതൊഴിവാക്കാനും മിസ്റ്റ് ബ്ലോവര്‍ ഉപയോഗിക്കുക വഴി സാധിക്കും. പെട്രോള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം. മൂന്നര എച്ച്പി മോട്ടോറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറവായതിനാല്‍ കെട്ടിടങ്ങളുടെ ഏതു ഉയരങ്ങളിലേക്കും ഇത് കൊണ്ടുപോകാം. കുറഞ്ഞ ലായനി കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ അണുവിമുക്തമാക്കാമെന്നതും നേട്ടമാണ്. 30,000 രൂപയാണ് ഇതിന്റെ മാര്‍ക്കറ്റ് വില.
മുക്കം അഗ്നിരക്ഷാ സേനക്ക് അഗസ്ത്യന്മുഴി ടിപിഎം അഗ്രോ ഏജന്‍സീസ് ഉടമ മനോജ് പോള്‍ സൗജന്യമായി മിസ്റ്റ് ബ്ലോവര്‍ നല്കി. സ്റ്റില്‍ ജര്‍മന്‍ കമ്പനിയുടെ മെഷീനാണ് ഇദ്ദേഹം നല്‍കിയത്. മുക്കം അഗ്നിരക്ഷാ നിലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന് ഓഫിസര്‍ ജയപ്രകാശ്, അസി. സ്റ്റേഷന് ഓഫീസര്‍ വിജയന് നടുത്തൊടിക എന്നിവര്‍ ഏറ്റുവാങ്ങി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വേളങ്കോട് സ്വദേശിയാണ് മനോജ് പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: