ന്യൂയോര്‍ക്ക്: കൊറോണ മഹാവ്യാധിയില്‍ ദുരിതം വിട്ടൊഴിയാതെ അമേരിക്ക. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 3,20,000 കടന്നു. മരണം 9,000. കൊറോണ ഏറ്റവും ശക്തി പ്രാപിച്ച ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 1,14,775 പേര്‍ക്ക് രോഗം കണ്ടെത്തി. 3565 പേര് മരിച്ചു. ന്യൂ ജഴ്സിയില്‍ 34,124 പേര്‍ക്ക് കൊറോണയുണ്ട്. 846 പേര് മരിച്ചു. മിഷിഗനില്‍ 14,225 രോഗികളില്‍ 540 പേര് മരിച്ചു. കാലിഫോര്‍ണിയയില്‍ 321 പേരും ലൂസിയാനയില്‍ 409 പേരും മരിച്ചു.
രണ്ടാഴ്ചക്കാലം രാജ്യത്തിന് ഏറെ കഠിനമാകുമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മലേറിയ ഭേദമക്കാന്‍ നല്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് കൊറോണ പ്രതിരോധത്തില്‍ വലിയ ഫലം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണസംഖ്യ 16,000 കടന്നു. ഒന്നേകാല്‍ ലക്ഷത്തിലധികം വൈറസ്ബാധിതരാണുള്ളത്. 20,996 പേര്‍ക്ക് രോഗം ഭേദമായി. 3994 പേര് ഗുരുതരാവസ്ഥയിലാണ്.
വൈറസ് ബാധയിലും മരണസംഖ്യയിലും രണ്ടാമതുള്ള സ്പെയ്നില്‍ 13,000ത്തോളം പേര് മരിച്ചു. 1,30,759 പേര്‍ക്ക് രോഗം കണ്ടെത്തി. 38,080 പേര്‍ക്ക് രോഗം ഭേദമായി. 6500ല്‍ പരം ആളുകള്‍ ഇപ്പോഴും അപകടനിലയില്‍.
ജര്‍മനിയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 96,092 പേര്‍ക്കാണ് രോഗബാധയുള്ളത്. 1444 പേര് മരിച്ചു. 26,400 പേര് രോഗമുക്തരായി. 3936 പേര്‍ക്ക് രോഗം ഗുരുതരമായി തുടരുന്നു.
ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 58,266 കടന്നു. 3,603 പേര് മരിച്ചു. 19,736 പേര്‍ക്ക് രോഗം ഭേദമായി. ബ്രിട്ടനില്‍ രോഗികളുടെ എണ്ണം 41,903 ആയി. 4313 പേര്‍ക്ക് ജീവന് നഷ്ടമായി.
കൊറോണ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25 പേരും വിദേശത്ത് നിന്നെത്തിയവരാണ്. മൂന്ന് മാസംകൊണ്ട് നിലവിലെ രോഗികളുടെ എണ്ണം 1376ലേക്ക് എത്തിക്കാന്‍ ചൈനയ്ക്കായി. ആകെയുള്ള 81,669 പേരില്‍ 76,964 പേര്‍ക്ക് രോഗം ഭേദമായി. 3329 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: