ചേര്‍ത്തല: കുഞ്ഞനുജത്തിയെ ചേര്‍ത്തു നിര്‍ത്തി അലംകൃത നല്കിയ മുത്തവും വാങ്ങി അന്വിത ആംബുലന്‍സിനകത്തേക്ക് കയറി. പതിവില്ലാതെ തനിക്കുനേരെ നീണ്ട ക്യാമറക്കണ്ണുകളില്‍ നോക്കി പകച്ചു നില്‍ക്കുന്നതിനിടെയും ചേച്ചിയുടെ നേരെ കൈനീട്ടി ടാറ്റാ പറഞ്ഞതോടെ വാതിലുകള്‍ അടഞ്ഞു. സൈറണ്‍ മുഴക്കി ആംബുലന്‍സ് മുന്നോട്ടെടുക്കുമ്പോഴും അച്ഛമ്മയുടെ കൈയിലിരുന്ന് അന്വിക്കുട്ടിയെ ചിരിച്ചുകൊണ്ട് യാത്രയയക്കുകയായിരുന്നു ചേച്ചി അലംകൃത.
അര്‍ബുദ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പുറപ്പെട്ട അന്വിത ഇന്ന് ഉച്ചയ്ക്ക് മുന്‍പായി ആശുപത്രിയിലെത്തും. രാവിലെ 7.20 ഓടെയാണ് അച്ഛനമ്മമാരോടൊപ്പം അന്വിത പുറപ്പെട്ടത്. യാത്രയയ്ക്കാന്‍ മുന്‍കരുതല്‍ പാലിച്ച് ബന്ധുക്കളെത്തിയപ്പോള്‍, റോഡരികില്‍ കാത്തുനിന്ന നാട്ടുകാര്‍ മംഗളം നേര്‍ന്നു.
ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡില്‍ മുണ്ടുവെളി വിനീത് വിജയന്- ഗോപിക ദമ്പതികളുടെ ഇളയ മകള്‍ ഒന്നര വയസുകാരി അന്വിത കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റിനോ ബ്ലാസ്റ്റോമ എന്ന ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പി ചെയ്യുന്നതിനാണ് പോയത്. ക്യാന്‍സറിനോട് പോരാടുന്ന ഒന്നരവയസുകാരിയുടെ കഥ സോഷ്യല്‍മീഡിയയിലൂടെയാണ് പുറംലോകമറിഞ്ഞത്. രാജ്യം ലോക്ഡൗണിലായതോടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയിലായിരുന്നു കുടുംബം. ഹൈദരാബാദിലെ എല്‍വി പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായാണ് ചികിത്സ.
ഏഴിനാണ് കീമോതെറാപ്പി ചെയ്യേണ്ടത്. ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് ഇടപെട്ട് ഹൈദരാബാദില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. അന്വിതയെ കൊണ്ടുപോകുന്നതിന് സേവാഭാരതി ആംബുലന്‍സ് സജ്ജീകരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, സംസ്ഥാന സമിതിയംഗം സന്ദീപ് വചസ്പതി, സേവാഭാരതി ജില്ലാ സെക്രട്ടറി എസ്. ജയകൃഷ്ണന്, താലൂക്ക് ട്രഷറര്‍ അരുണ്‍ കെ. പണിക്കര്‍ എന്നിവരും അന്വിതയെ യാത്രയയ്ക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: