ന്യൂദല്‍ഹി: തബ്ലീഗ് സമ്മേളത്തിനു ശേഷം രാജ്യത്തെ കൊറോണ വൈറസ് ബാധ ഇരട്ടിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരുടെ എണ്ണം 3374 ആയി ഉയര്‍ന്നു. 472 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 11 പേര് മരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 79 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഞായറാഴ്ച ഒരാള്‍ മരിച്ച മധ്യപ്രദേശില്‍ ഇതുവരെ 12 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ശനിയാഴ്ച ഇവിടെ മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
4.1 ദിവസം കൂടുമ്പോഴാണ് ഇപ്പോള്‍ കേസുകള്‍ ഇരട്ടിയാകുന്നത്. നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് ഇല്ലായിരുന്നുവെങ്കില്‍ ഇത് 7.4 ദിവസമെന്ന ശരാശരിയില്‍ എത്തുമായിരുന്നു. രാജ്യത്തെ 274 ജില്ലകളെ രോഗം ബാധിച്ചു. മാസ്കുകള്‍ക്കും കയ്യുറകള്‍ക്കും തുടക്കത്തിലുണ്ടായിരുന്ന ക്ഷാമം മാറിയെന്ന് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഇറക്കുമതിയെയാണ് ആദ്യം ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയ തോതില്‍ ആഭ്യന്തര ഉത്പാദനം ആരംഭിച്ചു. കേസുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇവ നല്‍കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഇന്നലെ 86 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇവയില്‍ ഭൂരിപക്ഷവും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവയാണ്. ഇതോടെ രോഗബാധിതര്‍ 571 ആയി. മരണം അഞ്ചും. മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 635.
പ്രതികരിക്കാൻ ഇവിടെ എഴുതുക: