മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വെട്ടിക്കുറച്ച് കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തണമെന്ന സമ്മര്‍ദം ഉയരുന്നു. ഐപിഎല്‍ കളിക്കാന്‍ കാത്തിരിക്കുന്ന കളിക്കാരാണ് ഈ വര്‍ഷവസാനം മത്സരങ്ങള്‍ വെട്ടിക്കുറച്ച് നടത്താന്‍ ക്രിക്കറ്റ് അധികാരികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നാത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പതിമൂന്നാമത് ഐപിഎല്‍ ഈമാസം പതിനഞ്ച്വരെ നീട്ടിവച്ചിരിക്കുകയാണ്.
കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ യാത്രനിരോധനം നിലനില്‍ക്കുന്നതിനാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഇന്ത്യയില്‍ കായികമത്സരങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഐപിഎല്‍ നടക്കണമെന്നാണ് തന്റെ ആഗ്രഹം. ലോകത്തുള്ള ഓരോ കളിക്കാരും ഐപിഎല്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ് സ്റ്റാര്‍ സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ പണം ഒഴുകുന്ന കായിക മത്സരമായ ഐപിഎല്ലില്‍ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. മത്സരങ്ങള്‍ എട്ടാഴ്ച നീളും. പുതിയ സാഹചര്യത്തില്‍ മത്സരങ്ങള്‍ വെട്ടിച്ചുരുക്കി അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ഐപിഎല്‍ നടത്തണം. മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ മത്സരങ്ങള്‍ അവസാനിപ്പിക്കണം, പീറ്റേഴ്സണ് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് ഏറെ വരുമാനം നേടിക്കൊടുക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. സ്പോണ്‍സര്‍മാരായ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ വന്‍ തുകയാണ് സ്പോര്സര്ഷിപ്പായി നല്‍കിയത്. മത്സരങ്ങള്‍ നടന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ്, ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍, പാറ്റ് കമിന്‍സ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന ഐപിഎല്‍, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ബെന്‍ സ്റ്റോക്സും പാറ്റ് കമിന്സുമൊക്കെ ഐപിഎല്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഐപിഎല്‍ നടക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ കമിന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: