തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നതോടെ മലയാളി നല്ല നടപ്പിലാണ്. പോലീസ് സ്റ്റേഷനിലേക്ക് എത്തുന്ന പരാതികള്‍ കൊറോണ വൈറസ് നിയന്ത്രണം സംബന്ധിച്ചുള്ളവ മാത്രമായി. കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകത്യങ്ങള്‍ മുതല്‍ അതിര്‍ത്തി തര്‍ക്കം പോലും ഉണ്ടാകുന്നില്ല. മദ്യം ഇല്ലാതാവുകയും ലഹരിവസ്തുക്കളുടെ വരവ് പൂര്‍ണമായും നിലച്ചതോടെയും അക്രമങ്ങള്‍ നിലച്ച മട്ടാണ്.
അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ദിനം പ്രതി ആയിരത്തിലധം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എല്ലാ ദിവസവും സ്റ്റേഷനുകളില്‍ പരിഹരിക്കാനാവുന്നതിലധികം പരാതികളാണ് എത്തുന്നത്. ശരാശരി ഒരു ദിവസം 1240 കേസുകളാണ് (കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച്) സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്. ഐപിസി പ്രകാരം ഉള്ള 482 കേസുകളും അല്ലാത്ത 758 കേസുകളും ശരാശരി ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പരാതി വട്ടപ്പൂജ്യം അണെന്ന് തന്നെ പറയാം.
എല്ലാവരും വീടിനുള്ളില്‍ തന്നെ ഉള്ളതിനാല്‍ കവര്‍ച്ച കുറഞ്ഞു. തിരക്കുള്ളിടങ്ങളെല്ലാം വിജനമായതോടെ പിടിച്ചുപറിയും കുറഞ്ഞു. മദ്യം കിട്ടാത്തതിനാല്‍ മദ്യപന്മാരുണ്ടാക്കുന്ന തലവേദനയും ഇല്ല.
മദ്യപിച്ചുള്ള ക്രമസമാധാന പ്രശ്നങ്ങള്‍, വാക്കുതര്‍ക്കങ്ങള്‍, കുടുംബ കലഹം തുടങ്ങിയവയും മദ്യം കിട്ടാതായതോടെ കുറഞ്ഞു. കഞ്ചാവ് കടത്തുന്നവരും കൊറോണ ഭയത്തിലാണ്. ആത്മഹത്യയും അസ്വാഭാവിക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
പോലീസിനെ ഏറെ കുഴക്കുന്ന രാഷ്ട്രീയ സംഘര്‍ഷവും പൂര്‍ണമായും ഇല്ലാതായി. നിരത്തില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ അപകടങ്ങളും അപകട മരണങ്ങളും ഇല്ല.
വാറ്റ് ചാരയം നിര്‍മിച്ചവരെ പിടികൂടിയതോടെ അതും ഇപ്പോള്‍ ഇല്ല. എല്ലാവരും വീട്ടിലിരുന്നാല്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ കൂടുമെന്ന പ്രചരണം ശക്തമായിരുന്നെങ്കിലും അതും ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: