കോഴിക്കോട്: പതിനാറു വരി പാട്ടിലൂടെ ചൂട്ടു മോഹനന് എന്ന നാടന്‍ പാട്ടുകാരന് മനുഷ്യന്റെ നിസ്സഹായതയെയും കൊറോണ വ്യാപനത്തില്‍ നിന്നുള്ള മോചനമാര്‍ഗവും വിവരിക്കുകയാണ്. അനേകങ്ങള്‍ ഇതിനകം കണ്ടു കഴിഞ്ഞ സാമൂഹ്യ മാധ്യമത്തിലെ ഈ താരം കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റിങ് തൊഴിലാളിയായ മോഹനനാണ് – ചൂട്ടു മോഹനന് എന്നു പറഞ്ഞാലെ എന്നെ അറിയൂ, ഇരുട്ടില്‍ വെളിച്ചമാണ് ചൂട്ട് എന്നാല്‍ അത് നാം കത്തിച്ചാലേ വെളിച്ചമാകൂ. എന്നാലെ അത് തീപ്പന്തമാകൂ, തന്റെ പേരിനു പിന്നിലെ ആഴം എത്രെയെന്ന് പറയുകയാണ് മോഹനന്.
പണമാണ് വലിയതെന്ന് ആരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകമറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു
വൈറസില്‍ നിന്നൊരു മോചനം നേടാന്‍
സകലതും മാറ്റിവെക്കാന്‍ ശ്രമിക്കുന്നു നാം…,
ആദ്യം നാലുവരിയാണ് മനസില്‍ വന്നത്, അതെഴുതി ഈണമിട്ട് പാടിയപ്പോള്‍ പതിനാറ് വരികളിലെത്തി. മൂന്ന് തവണയായാണ് പാട്ട് പൂര്‍ത്തിയായത്. എന്റെ കൂടെ എപ്പോഴുമുണ്ടാകുന്ന സുഹൃത്തുക്കള്‍ തേച്ചു മിനുക്കിയപ്പോള്‍ നല്ലൊരു പാട്ടാണെന്ന് തോന്നി. പണമാണ്, അധികാരമാണ് എല്ലാറ്റിനും മീതെയെന്ന് അഹങ്കരിച്ച മനുഷ്യനെ ഒരു കുഞ്ഞു വൈറസ് വിറപ്പിക്കുകയാണ്. ഞാന്‍ എന്നോട് തന്നെ പാടിയതാണ് ഈ പാട്ട്.
അജയ് ജിഷ്ണുവാണ് പാട്ടിന് ഈണം നല്‍കിയത്. പിന്നീട് അജയ് ജിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ മന്ത്രിമാരും സാഹിത്യ സാംസ്ക്കാരിക സിനിമാ രംഗത്തെ പ്രമുഖരും അതു ഷെയര്‍ ചെയ്തു. അങ്ങനെ അമ്പരപ്പിക്കുന്ന വേഗത്തിലാണ് ആ പാട്ട് വൈറലായത്. ആറാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച, 5അമ്പത്തിനാലാം വയസ്സില്‍ ഏഴാം ക്ലാസിലെ തുല്യതാ പരീക്ഷ എഴുതിയ മോഹനന്റെ ജീവിതത്തിലെ സന്തോഷ നിമിഷമാണിത്. നാടകനടന്‍, നാടന്‍ പാട്ടുകാരന്, സ്കൂളുകളില്‍ കുട്ടികള്‍ക്ക് നാടന്‍പാട്ട് പഠിപ്പിക്കുന്ന ആശാന് എന്നിങ്ങനെ ചെറുവണ്ണൂര്‍, പേരാമ്പ്ര മേഖലയിലെ അറിയപ്പെടുന്ന കലാകാരനാണ് ഈ പെയിന്റിങ് തൊഴിലാളി. ഭാര്യ ശോഭ മോഹനന്റെ കലാജീവിതത്തിന്റെ നല്ലൊരു ആസ്വാദക. മകള്‍ കൃഷ്ണേന്ദു ഫിസിക്സ് ബിരുദപഠനത്തിനുശേഷം പിഎസ്സി കോച്ചിംഗിനു പോകുകയാണ്. അച്ഛന്റെ പാതയില്‍ മകളൊരു പാട്ടുകാരി കൂടിയാണ്.
അനുസരിച്ചാല്‍ നാടിന് നന്മയായി തീര്‍ന്നീടാം
അകലാതെ അകലണം നാളേയ്ക്ക് വേണ്ടിനാം… മോഹനന്
പാടികൊണ്ടിരിക്കുന്നു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: