ബദിയടുക്ക: കോവിഡ് പടര്‍ന്നു പിടക്കുന്ന സാഹചര്യത്തില്‍ ഉക്കിനടുക്കയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കാസര്‍കോട് മെഡിക്കല്‍ കോളജ് തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 25 അംഗ മെഡിക്കല്‍ സംഘമെത്തും.
പത്ത് ഡോക്ടര്‍മാര്‍, പത്ത് നേഴ്സ്, അഞ്ച് നേഴ്സിംഗ് അസിസ്റ്റന്റ് എന്നിവരാണ് സംഘത്തിലുണ്ടാവുക. എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേഷന് ബ്ലോക്കില്‍ നൂതന കോവിഡ് ചികിത്സാ കേന്ദ്രം ഒരുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളുമെത്തിക്കഴിഞ്ഞു.
ഐസലേഷന്‍ വാര്‍ഡുകളും തീവ്ര പരിചരണ വിഭാഗങ്ങളുമാണൊരുങ്ങുന്നത്. ആശുപത്രി ഉപകരണങ്ങള്‍, കിടക്കകള്‍, ഫര്‍ണിച്ചര്‍, മരുന്നുകള്‍ എന്നിവയ്ക്കായി ഏഴ് കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. നാലു നിലയുള്ള കെട്ടിടത്തില്‍ ഒന്നാമത്തെ നിലയിലെ വാര്‍ഡുകളില്‍ കട്ടിലുകളും തീവ്ര പരിചരണ വിഭാഗം യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ മെഡിക്കല്‍ കോളജിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാമെന്നാണ് കരുതുന്നത്.
രണ്ടാമത്തെ നിലയില്‍ ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമിക്കാനുമുള്ള ഇടമാണ് തയാറാക്കുന്നത്. മെഡിക്കല്‍ കോളജില്‍ ഒ പി തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് മുറികള്‍ സജ്ജീകരിച്ചിരുന്നു. കോവിഡ് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാര്‍പ്പിക്കുന്നതിനു ജില്ലയിലെ ആശുപത്രികളില്‍ 870 കിടക്കകള്‍ സജ്ജീകരിക്കുന്നതില്‍ 300 കിടക്കകള്‍ ഇവിടെയാണ്. 132 പേരാണ് കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. മൂന്ന് പേര് രോഗം ഭേദമായി ആശുപത്രിവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: