കൊല്ലം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വകവയ്‌ക്കാതെ ലോക്ഡൗണ്‍ കാലയളവില്‍ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ ശമ്പളം ആശുപത്രികള്‍ വെട്ടിക്കുറച്ചതായി പരാതി. ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളിലും സഹകരണ ആശുപത്രികളിലുമാണ് നഴ്‌സുമാരടക്കമുള്ളവരുടെ മാര്‍ച്ചിലെ ശമ്പളം 40 ശതമാനത്തോളം വെട്ടിക്കുറച്ചിരിക്കുന്നത്. ജി.എസ്. ജയലാല്‍ എംഎല്‍എ പ്രസിഡന്റായുള്ള മേവറം അഷ്ടമുടി സഹകരണ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു സ്റ്റാഫിന്റെയും ശമ്പളം 40 ശതമാനത്തോളം വെട്ടിക്കുറച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആശുപത്രികളില്‍ നഴ്‌സിംഗ് സ്റ്റാഫ് അടക്കമുള്ളവരുടെ എണ്ണം കുറച്ചിരുന്നു. ചിലരോട് അവധിയെടുക്കാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ചില ആശുപത്രികള്‍ നഴ്‌സുമാരുള്‍പ്പെടെയുള്ളവരെ അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അവധിയെടുക്കാന്‍ നിര്‍ബന്ധിച്ചാലും ശമ്പളം കുറയ്‌ക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെ അവധിക്കാലയളവിലെ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം ബാങ്കില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി ചെയ്ത ദിവസത്തെ വേതനം മാത്രമാണ് ലഭിച്ചത്. പരാതിയുമായി മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും ജോലിയില്‍ നിന്നു പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറയുന്നു.
ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ആരും രംഗത്ത് വരാന്‍ തയ്യാറാകാത്തത്. നഴ്‌സുമാരടക്കമുള്ളവര്‍ക്ക് മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പലയിടത്തും ഇത് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ലേബര്‍ ഓഫീസര്‍ അടക്കമുള്ളവര്‍ ആശുപത്രികളിലെത്തി പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്.
















