ന്യൂദല്‍ഹി : രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി കോവിഡ് പരിശോധനയും ചികിത്സയും ലഭിക്കും. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്കാണ് ഈ സൗജന്യ സേവനങ്ങള്‍ ലഭ്യമാകുക. ആയുഷ്മാന്‍ ഭാരതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 കോടിയോളംപേര്‍ക്ക് ഉപകാരപ്പെടുന്നതാണ് ഈ നടപടി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആശുപത്രികളില്‍ നിന്നാണ് ഈ സേവനം ലഭിക്കുക.. കോവിഡ് 19 രാജ്യത്ത് വ്യാപകമായതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ലബോറട്ടറികളില്‍ കോവിഡ് പരിശോധന സൗജന്യമായി നടത്താന്‍ ഗുണഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇത്തരമൊരു പ്രതിസന്ധിഘട്ടം തരണംചെയ്യാന്‍ സ്വകാര്യമേഖലയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോവിഡ് രോഗനിര്‍ണയവും ചികിത്സയും ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് പറഞ്ഞു. പാവപ്പെട്ടവര്‍ക്കുണ്ടാകുന്ന ദുരിതം ഇതുവഴി ലഘൂകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ചികിത്സയില്‍ പങ്കാളികളാവാന്‍ ഇതോടെ കൂടുതല്‍ ആശുപത്രികള്‍ രംഗത്തുവരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ സ്വകാര്യ ലാബുകള്‍ നിര്‍ബന്ധമായും ഐസിഎംആറിന്റെ അംഗീകാരം നേടിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: