തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ വിരസത മറികടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് കുടുംബാംഗങ്ങള്‍ ഒന്നാകെ. വാട്സ്ആപ്പിലും ഫെയ്സ് ബുക്കിലും സമയം ചെലവഴിക്കുന്നതിലുപരി ഇന്ന് പലരും സമയം ചെലവഴിക്കുന്നത് ‘ചലഞ്ചുകള്ക്കാണ്’. പ്രാദേശിക തലത്തില്‍ മിടുക്കന്മാര് രൂപം നല്‍കിയതാണ് ചലഞ്ചുകള്‍. വാട്സ്ആപ്പിലാണ് ചലഞ്ചുകള്‍ ഏറെയും നടക്കുന്നത്.
2001ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ പ്രജയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ചന്ദനമണി’ എന്ന് തുടങ്ങുന്ന ഗാനമാണ് ചലഞ്ചിലെ താരം. ഈ ഗാനം കൃത്യമായി തെറ്റാതെ ഒറ്റ ശ്വാസത്തില്‍ പാടി അവസാനിപ്പിക്കുക എന്നതാണ് ചലഞ്ച്. പുരുഷന്മാര്ക്കിടയില് മുണ്ടുടുത്ത ചിത്രങ്ങള്‍ പങ്കുവെക്കുന്ന മുണ്ട് ചാലഞ്ച് വൈറലാകുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കിടയില്‍ സാരിയുടുത്ത ചിത്രങ്ങള്‍ പങ്കുവെക്കുന്ന സാരി ചലഞ്ചും വൈറലായി.
സൂചനകളില്‍ നിന്നു സ്ഥലനാമങ്ങള്‍ കണ്ടുപിടിക്കുക, ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്ത സ്ഥലനാമങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തുക, തുടങ്ങിയവയാണ് മറ്റ് ചലഞ്ചുകള്‍. പല ചലഞ്ചുകളുടെയും ഉത്തരങ്ങള്‍ ഗൂഗിള്‍ സേര്‍ച് ചെയ്ത് കണ്ടുപിടിക്കുന്നവര്‍ വറെയുണ്ട്. കൂടാതെ വാട്സാപ് ക്വിസ്സുകളും.
വാട്സ്ആപ്പില്‍ നിന്നും വ്യത്യസ്ഥമായി പഴയ ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ നിന്നും കുത്തിപൊക്കുകയാണ് മറ്റൊരു സംഘം. ആദ്യം കോളേജില്‍ പോയപ്പോഴുള്ള ഫോട്ടോ, കലാമത്സരത്തില്‍ പങ്കെടുത്തപ്പോഴുള്ള ഫോട്ടാ തുടങ്ങി ഇങ്ങനെ പോകുന്നു അതിന്റെ നിര. ഇത്തരം ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്താണ് സുഹ്യത്തുക്കള്‍ വീണ്ടും ടൈംലൈനില്‍ ഈ ചിത്രങ്ങള്‍ എത്തിക്കുന്നത്.
കൊറോണ കാലം കഴിഞ്ഞാല്‍ ആദ്യം കാണാനാഗ്രഹിക്കുന്നത് എന്താണ്, ആദ്യം യാത്ര പോകാനിരിക്കുന്ന സ്ഥലമേതാണ്, ആദ്യം കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി ആരാണ് തുടങ്ങി കൊറോണ ചാലഞ്ച് എന്ന പേരില്‍ പ്രചരിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകളാണ് കൂട്ടത്തില്‍ ഏറ്റവും പുതിയത്.
വാട്സാപ് സ്റ്റേറ്റസിന്റെ ദൈര്‍ഘ്യം ഇന്റര്‍നെറ്റ് ബാന്ഡ്വിഡ്ത് പരിപാലിക്കാനായി 15 സെക്കന്‍ഡ് ആക്കി ചുരുക്കിയതോടെ ‘ടിക് ടോക്’ അഭ്യാസങ്ങള്‍ക്ക് മൊത്തത്തില്‍ കുറവുവന്നിട്ടുണ്ട്. എന്നാല്‍, 15 സെക്കന്‍ഡ് ടിക് ടോക് ചിത്രീകരിച്ച് ഈ പരിമിതിയെ മറികടക്കുന്നവരുമുണ്ട്. ഓണ്‍ലൈന്‍ പരിപാടികളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ കളിക്കാവുന്ന ചെറിയ കളികളില്‍ മുഴുകിയവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: