സ്പ്രിങ്ക്ളര്‍ വിവാദവുമായി ബന്ധപ്പെട്ട് ഘടകകക്ഷിയായ സിപിഐയുടെ വിയോജിപ്പ് ഇടതു മുന്നണിയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഒരിക്കല്‍കൂടി ഭിന്നതയ്ക്കിടയാക്കിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്പ്രിങ്ക്ളര്‍ കരാറില്‍ സിപിഐക്കുള്ള അതൃപ്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടറിയിക്കുകയുണ്ടായി. വ്യക്തിവിവരങ്ങള്‍ വിദേശകമ്പനികള്‍ക്ക് കൈമാറുന്നത് മുഖ്യമന്ത്രി പറയുന്നതുപോലെ അടിയന്തിരസാഹചര്യത്തിലുള്ള അസാധാരണ നടപടിയെന്ന് പറഞ്ഞ് തള്ളാനാവില്ലെന്നാണ് കാനത്തിന്റെ നിലപാട്. മാത്രമല്ല, മന്ത്രിസഭയില്‍ പോലും വിഷയം ചര്‍ച്ചചെയ്യാതെ നടപടികള്‍ സ്വീകരിച്ചതും സിപിഐക്ക് ദഹിച്ചിട്ടില്ല.
വളരെ നിര്‍ണായകമായ ഒരു സാഹചര്യത്തില്‍ ഭരണമുന്നണിക്കകത്ത് അഭിപ്രായയൈക്യം ഇല്ലാതാകുന്നത് മഹാമാരിക്കെതിരെയുള്ള ഒത്തൊരുമിച്ചുള്ള പോരാട്ടത്തെയടക്കം ബാധിക്കുമെന്ന് പറയാതിരിക്കാനാവില്ല. അതേസമയം, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സിപിഎമ്മിനുള്ള മേല്‍ക്കൈയും മറ്റ് കക്ഷികളോടുള്ള ആ പാര്‍ട്ടിയുടെ സമീപനവും ഘടകകക്ഷികള്‍ സിപിഎമ്മിനോട് കാട്ടുന്ന പരിധിയില്ലാത്ത വിധേയത്വവും കണക്കാക്കുമ്പോള്‍ ഈ അഭിപ്രായഭിന്നതയില്‍ അസാധാരണമായി ഒന്നുമില്ലെന്നും കരുതേണ്ടി വരും. ഐടി സെക്രട്ടറി നേരില്‍ കണ്ടും മുഖ്യമന്ത്രി ഫോണിലൂടെയും സംസാരിച്ച് സ്പ്രിങ്ക്ളര്‍ വിഷയം വിശദീകരിച്ചിട്ടും തൃപ്തനാകാതെയാണല്ലോ കാനം രാജേന്ദ്രന് കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്ണനെ കാണാന്‍ എകെജി സെന്ററിലേക്ക് ചെന്നത്. കരാര്‍ ഇടത് നിലപാടിന് വിരുദ്ധമാണെന്നും മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയായില്ലെന്നുമാണ് അദ്ദേഹം കോടിയേരിയോട് പറഞ്ഞത്. മുന്നണിമര്യാദകള്‍ മറന്നുള്ള മുഖ്യമന്ത്രിയുടെ നടപടി ഗൗരവത്തോടെ തന്നെ സിപിഐ കാണുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
ഇതാദ്യമായല്ല ഇടതുമുന്നണിക്കകത്ത് സിപിഎം-സിപിഐ ബന്ധം ഉലയുന്നത്. 2017ല്‍ ബിജെപിക്കെതിരായ ചേരിയില്‍ കോണ്‍ഗ്രസടക്കം എല്ലാവരെയും ഒന്നിച്ചുകൊണ്ടുവരണമെന്ന സിപിഐയുടെ അഭിപ്രായം ഭിന്നതക്ക് വഴിതെളിച്ചിരുന്നു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയത്തിന്റെ ഭാഗമായുള്ള ഈ നിലപാടിനെ സിപിഎം ശക്തമായാണ് എതിര്‍ത്തത്. ഇടത് മുന്നണി വിട്ട് സിപിഐ കോണ്‍ഗ്രസ് മുന്നണിയില്‍ ചേക്കേറുമോ എന്നു പോലും അന്ന് സംശയമുയര്‍ന്നിരുന്നു. രണ്ടുവര്‍ഷം മുമ്പ് തോമസ് ചാണ്ടിക്കെതിരായ അഴിമതിക്കേസില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയപ്പോള്‍ സിപിഐ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും ജനങ്ങള്‍ മറന്നിട്ടില്ല. മന്ത്രിസഭയിലെ മൂപ്പിളമ തര്‍ക്കവും ഒരുതവണ ചര്‍ച്ചയായി. മന്ത്രിസഭയിലെ രണ്ടാമന് ആരെന്നതിനെ ചൊല്ലിയായിരുന്നു അന്ന് സിപിഐ വിവാദമുയര്‍ത്തിയത്.
ഏറ്റവുമൊടുവിലായി മാവോവാദി വേട്ട, യുഎപിഎ ചുമത്തല്‍ എന്നീ വിഷയങ്ങളിലും സിപിഐ-സിപിഎം ബന്ധം വഷളാകുന്നത് നാം കണ്ടു. മാവോവാദികള്‍ പോലീസ് വെടിയേറ്റ് മരിച്ച സംഭവത്തിലും കോഴിക്കോട്ട് മാവോവാദി ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിലും രൂക്ഷമായ ഭാഷയിലാണ് കാനം രാജേന്ദ്രന് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇതിന്റെ പേരില്‍ ഇരുപാര്‍ട്ടികളുടെ നേതാക്കള്‍ തമ്മില്‍ വലിയ വാക്പോര് നടക്കുകയും ചെയ്തു.
പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നാണ് സിപിഐയുടെ വാദം. എന്നാല്‍ ഈ വ്യതിചലനങ്ങളില്‍ നിന്ന് ഒരടി പോലും പിറകോട്ട് മാറാന്‍ കൂട്ടാക്കാതെ സിപിഎം അതിന്റെ അപ്രമാദിത്വം തുടരുന്നതാണ് എല്ലായ്പോഴും നാം കണ്ടിട്ടുള്ളത്. അതേസമയം, പാര്‍ട്ടി നിലപാടിന്റെ പേരില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ കാനവും സിപിഐയും സാവകാശം അതെല്ലാം മറന്നുപോകുന്നതും നാം കാണുന്നു. വല്യേട്ടന്റെ കുഞ്ഞനിയന്മാരായി അവര്‍ വീണ്ടും യാത്രതുടരും. തങ്ങളെ സംബന്ധിച്ച് സിപിഐ ഇടതുമുന്നണിയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമല്ലെന്ന് സിപിഎമ്മിന് ഉത്തമബോധ്യമുണ്ട്. ഈ ബോധ്യത്തെ കുറിച്ച് സിപിഐക്കും നന്നായി അറിയാം. എന്നാലും ഇടയ്ക്കിടെ ഇടത് നയം, ഇടതുരാഷ്ട്രീയനിലപാട്, മുന്നണി മര്യാദ എന്നൊക്കെ പറഞ്ഞ് വല്യേട്ടനെതിരെ വിമര്‍ശനവുമായി വരുന്നത് ഈ കുഞ്ഞനിയന് എത്രയോ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന കലാപരിപാടിയാണ്. അത് കേരളജനതയ്ക്കും നന്നായറിയാം.
സ്പ്രിങ്ക്ളര്‍ വിവാദത്തിലുള്ള സിപിഐയുടെ വിയോജിപ്പുകളുടെയും ഗതി മറ്റൊന്നാവില്ല. മഹാമാരിയുടെ കാലത്ത് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പ്രസക്തിയില്ല എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്. കോവിഡിന്റെ ഭീഷണി കഴിഞ്ഞ് എല്ലാം ചര്‍ച്ച ചെയ്യാം എന്നും ഉറപ്പുനല്‍കുന്നു. എന്നാല്‍ ചര്‍ച്ചകളിലൂടെയൊന്നുമല്ല സിപിഐ-സിപിഎം ഭിന്നതകള്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത് എന്നത് ഒരു രാഷ്ട്രീയസത്യം മാത്രമാണ്. ഇടത് മുന്നണിയില്‍ സിപിഎമ്മിന്റെ തീരുമാനങ്ങള്‍ക്കപ്പുറം ഒരു ചര്‍ച്ചയുമില്ലെന്ന കാര്യം സിപിഐക്കും നന്നായി അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: