ഭക്തിയും ഈശ്വരവിശ്വാസവും ജനങ്ങളില്‍ വളര്‍ത്തുവാനും പ്രചരിപ്പിക്കുവാനും നിരവധി സംഗീതജ്ഞര്‍ ശ്രമിച്ചിട്ടുണ്ട്. ഗാനരചയിതാക്കള്‍ ഭൂരിഭാഗവും ഭക്തി പ്രചരിപ്പിക്കാനുള്ള ഒരു അവസരമായിട്ടാണ് സംഗീതത്തെ കണ്ടിരുന്നത്. പ്രസംഗങ്ങളിലൂടെയും സംഗീതത്തിലൂടെയും ഗാനരചനയിലൂടെയും ഭക്തി പ്രചരിപ്പിക്കുവാന്‍ ശ്രമിച്ച സംഗീതജ്ഞര്‍ നിരവധിയാണ്. അരുണ ഗിരിനാഥര്‍, ബോധേശ്വരന്‍ തുടങ്ങിയവര്‍ ഭക്തിഗാനങ്ങള്‍ വഴി തമിഴ്നാട്ടിലും, അന്നമാചാര്യ, ഭദ്രാചലം രാമദാസ്, പുരന്ദരദാസര്‍ തുടങ്ങിയവര്‍ തെലുങ്ക് ദേശങ്ങളിലും ഭജനഗാനങ്ങളിലൂടെ ഭക്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരാണ്. ഗീതാഗോവിന്ദത്തിലെ ഗാനങ്ങളും കൃഷ്ണലീല തരംഗിണിയില്‍ നിന്നുള്ള ഗാനങ്ങളും ഭജനകളില്‍ പാടിവരുന്നു. ദക്ഷിണേന്ത്യയിലാണ് ഭജന പദ്ധതി കൂടുതലായി കണ്ടുവരുന്നത്.
ശാസ്ത്രീയ സംഗീതത്തില്‍ ഉപയോഗിച്ചുവരുന്ന രാഗങ്ങളും താളങ്ങളും പല ഭജനകളിലും ഉപയോഗിച്ചുവരുന്നു. വളരെ ലളിതമായ രീതിയിലുള്ള രാഗാലാപനം മാത്രമേ ഭജനകളില്‍ കാണാറുള്ളൂ. ഈശ്വരാരാധനയും ആത്മീയശാന്തി ഉണ്ടാകാനുള്ള മാര്‍ഗവുമാണ് ഭജന യിലൂടെ സാധ്യമാകുന്നത്.
ഭക്തിരസം പ്രദാനം ചെയ്യുന്ന രാഗങ്ങളാണ് ഭജനകളില്‍ ഉപയോഗിച്ചുവരുന്നത്. ഭക്തി ഭാവത്തില്‍ നിന്നും മാറി സംഗീതത്തിലേക്ക് വഴി തിരിയാതിരിക്കാന്‍ ഭജന ആലപിക്കുന്നവര്‍ ശ്രദ്ധിക്കാറുണ്ട്. ഇന്നുള്ള പല സംഗീതജ്ഞരും ഭജനകളിലൂടെ സംഗീതത്തിലേക്ക് വന്നവരാണ്. ഭജനകള്‍ ആലപിക്കുമ്പോള്‍ അതിന് ഒരു നേതൃസ്ഥാനം വേണം. ആ വ്യക്തിയാണ് ഭജന നയിക്കേണ്ടത്. നേതൃസ്ഥാനം വഹിക്കുന്നയാള്‍ പാടുന്നത് മറ്റുള്ളവര്‍ ഏറ്റുപാടുന്നു.
ശാസ്ത്രീയ സംഗീതം പോലെ ശ്രുതിശുദ്ധമായി വേണം ഭജന ആലപിക്കാന്‍. ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായും ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായും അല്ലാതെയും ഇന്ന് ഭജനകള്‍ ആലപിച്ച വരുന്നു. വൈഷ്ണവ പ്രസ്ഥാനത്തില്‍ നിന്നാണ് കൂട്ടപ്രാര്‍ത്ഥന രൂപത്തിലുള്ള ഭജന കളുടെ ആവിര്‍ഭാവം എന്ന് പറയപ്പെടുന്നു. മാധ്വാചാര്യര്‍ ആണ് ഭജനപ്രസ്ഥാനം തുടങ്ങിയത്. ഭഗവദ് സേവക്കായി ജീവിതം ഉഴിഞ്ഞുവെച്ച അനേകം ശിഷ്യന്മാര് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈശ്വരനെ സ്തുതിച്ചുകൊണ്ട് അവര്‍ ഭജന പ്രസ്ഥാനം തുടര്‍ന്നു . പില്ക്കാലത്ത് ഇവര്‍ ഭാഗവതര്‍ എന്നറിയപ്പെട്ടു. ഉടുപ്പി, തിരുപ്പതി, തഞ്ചാവൂര്‍, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കൂട്ടു പ്രാര്‍ത്ഥന രീതി നിലവില്‍ വന്നു.
ഭജനപദ്ധതി നിലനിര്‍ത്തിക്കൊണ്ട് വന്നവര്‍ ഭാഗവതന്മാര്‍ ആയിരുന്നുവെങ്കിലും പിന്നീട് ഭജന നയിച്ചിരുന്നത് സംഗീതകാരന്മാര് തന്നെയായിരുന്നു ഓരോ നാട്ടിലെയും ചിട്ടവട്ടങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ച് ഭജനപദ്ധതികള്ക്ക് രൂപമാറ്റമുണ്ടായി. വ്യക്തി താല്പര്യങ്ങള്ക്ക് അനുസരിച്ചും അതിന്റെ ഘടന വ്യത്യാസപ്പെട്ടു.
ഒരു വിരുത്തത്തോടെ തുടങ്ങി, ഗണപതി, സരസ്വതി, പരമശിവന്, പാര്‍വതി, കൃഷ്ണന് തുടങ്ങിയ ഭഗവാന്മാരെ സ്തുതിച്ചുകൊണ്ടുള്ള ആലാപനമാണ് ഭജനകളിലേത്. കേരളത്തില്‍ തമിഴ് ബ്രാഹ്മണര്‍ കുടിയേറിപ്പാത്തിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പണ്ട് ഭജന നടത്തി വന്നിരുന്നുള്ളൂ.
കേരളത്തില്‍ ഭജന സംഗീതത്തിന് പ്രചാരം കുറഞ്ഞത് ഭക്തി പ്രസ്ഥാനത്തോടും കര്‍ണാടക സംഗീതത്തോടുള്ള അവജ്ഞ കൊണ്ടായിരിക്കാം. ആധുനിക കൃതികളോട് ഏറ്റവും ചേര്‍ന്നു
നില്‍ക്കുന്നത് ഭജനഗാനങ്ങള്‍ ആയി കണക്കാക്കപ്പെടുന്നു. ഭജന ഗാനങ്ങളില്‍ ഒരു പല്ലവിയും നിരവധി ചരണങ്ങളും ഉണ്ടായിരിക്കും. നാരായണ തീര്ത്ഥരുടെയും സദാശിവ ബ്രഹമേന്ദ്രയുടെയും കൃതികള്‍ ഭജനഗാനങ്ങള്‍ ആയാണ് കരുതുന്നത്. ഭജന പ്രസ്ഥാനത്തിലൂടെ സംഗീതത്തിലേക്ക് പ്രവേശിച്ച ഗാനരചയിതാക്കള്‍ക്ക് ഉദാഹരണമാണ് പാപനാശം ശിവന്, അന്നമാചാര്യ തുടങ്ങിയവര്‍.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: