ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി സംസ്ഥാനങ്ങള്‍ക്ക് 11.092 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് തുക അനുവദിക്കുക. 2020-21ലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ഗഡു ആണ് ഈ തുക.
മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നല്കിയ ഉറപ്പ് പ്രകാരമാണ് കേന്ദ്ര വിഹിതം ഏപ്രില്‍ ആദ്യവാരം തന്നെ നല്‍കിയത്. സംസ്ഥാനങ്ങളില്‍ ക്വറന്റയിന് കേന്ദ്രങ്ങള്‍ തുടങ്ങുക, ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുക, മുനിസിപ്പാലിറ്റികള്‍, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് നല്‍കുക, വെന്റിലേറ്ററുകള്‍, തെര്‍മല്‍ സ്കാനറുകള്‍, എയര്‍ പ്യൂരിഫയര്‍ എന്നിവ വാങ്ങല്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ട മറ്റു സാധങ്ങള്‍ എന്നിവയ്ക്കായി ഈ തുക ഉപയോഗിക്കാം.
വീടില്ലാത്തവര്‍ക്ക് താത്കാലിക അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: