തിരുവനന്തപുരം: ”ഏതിനെയും നിസ്സാരവത്കരിക്കുന്ന സ്വഭാവമാണ് മലയാളിക്ക്. ഒന്നും തങ്ങളെ ബാധിക്കില്ല, മറ്റുള്ളവര്‍ക്കു മാത്രമേ ദുരിതങ്ങളെല്ലാം വരൂ, എന്നാണ് പൊതുവെ മലയാളിയുടെ ചിന്ത. എന്നാല്‍ ആ ധാരണ തിരുത്തിയില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കുക. കൊറോണ വൈറസിന് സംസ്ഥാനവും ജാതിയും മതവും ഉദ്യോഗത്തിലെ വലിപ്പച്ചെറുപ്പവും ഒന്നുമില്ല. ഒന്നിനെയും കൂസാതെ എവിടെയും അതു കടന്നു ചെല്ലും. ആരെയും പിടികൂടും. കാര്യം ഒട്ടും നിസ്സാരമല്ല, പ്രശ്നം വളരെ ഗുരുതരമാണ്…”
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ വാക്കുകളാണിത്. കൊറോണ രോഗത്തെ നിയന്ത്രിക്കാനുള്ള ലോക്ഡൗണ്‍ പൂര്‍ണമായി അനുസരിച്ച് കൊച്ചിയിലെ വീട്ടില്ത്തന്നെയിരിക്കുകയാണദ്ദേഹം. എന്നും വീട്ടിലിരിക്കാനാണ് അദ്ദേഹത്തിന് താല്പര്യം. ജോലി ഉള്ളപ്പോള്‍ മാത്രം യാത്ര പോകുകയും വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യും. അല്ലാത്തപ്പോഴെല്ലാം വീട്ടില്‍ത്തന്നെ. വീട്ടിലെ അന്തരീക്ഷം നല്കുന്ന സന്തോഷം മറ്റൊരിടത്തും ലഭിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വീടിനെയും വീട്ടന്തരീക്ഷത്തെയും അത്രമേല്‍ സ്നേഹിക്കുന്നതിനാലും അറിയാവുന്നതിനാലുമാണ് കുടുംബങ്ങള്‍ ഇഷ്ടപ്പെട്ട നല്ല സിനിമകളെടുക്കാന്‍ തനിക്ക് കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
”ഇപ്പോള്‍ ഞാന്‍ വീട്ടിലിരിക്കുന്നത് വീടിനെ ഇഷ്ടപ്പെടുന്നതുകൊണ്ടു മാത്രമല്ല. ഇത് ഞാനെന്റെ നാടിനുവേണ്ടി ചെയ്യുന്ന കടമയാണ്. വീട്ടിലിരുന്ന് നാടിനെ രക്ഷിക്കൂ. വൈറസിന്റെ ഭീകരത എത്രത്തോളമാണെന്ന് ആവുന്നത്ര പത്രമാധ്യമങ്ങള്‍ പറഞ്ഞു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ കൊറോണേയെപ്പറ്റി തിരിച്ചും മറിച്ചും വായിച്ചും കേട്ടുമുള്ള വിവരണങ്ങളും വ്യാഖ്യാനങ്ങളും സ്ഥിതിവിവരണ കണക്കുകളും മാത്രം! നേരിട്ടുള്ള യുദ്ധത്തിനു കാത്തു നില്‍ക്കാതെ, കൊറോണക്ക് പിടികൊടുക്കാതെ ഈ പ്രതിസന്ധിയെ നാം താണ്ടണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്. അതിന് ഏകമാര്‍ഗം പുറത്തിറങ്ങാതെ ഈ ഒരു ഘട്ടം കഴിയുന്നത് വരെ നാം വീട്ടില്‍ കതകടച്ചിരിക്കുക എന്നതാണ്. വീടിന്റെ ലക്ഷ്മണരേഖ എന്ന് നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിച്ചതും അതു തന്നെയാണ്.”
ഒരു ധ്യാനമെന്നോ തപസ്സെന്നോ കരുതുക
എല്ലാത്തിനെയും നിസ്സാരവത്കരിക്കുന്ന മലയാളിക്ക് അനുസരണാശീലവും കുറവാണെന്ന് ബാലചന്ദ്രമേനോന് പറയുന്നു. അതുകൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞിട്ടും സമ്പൂര്‍ണ്ണമായ അടച്ചിടല്‍ സാധ്യമാകാത്തത്. ഒരു വണ്ടി പോലുമില്ലാത്ത റോഡ് കാണാനാകുന്നില്ല. ലോക്ഡൗണ്‍ പൂര്‍ണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയില്‍ നമ്മുടെ റോഡുകള്‍ വിജനമാവുന്നില്ല. പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു. ‘മലയാളിയുടെ സ്വകാര്യ അഹങ്കാരം’ എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു . ഏവരും ഒത്തു പിടിച്ചാല്‍ നാം ഈ കടമ്പ കടക്കും. അതിനു നാം കാശു മുടക്കേണ്ട , അധ്വാനിക്കേണ്ട , വെറുതെ അവനവന് ഇരിക്കുന്ന ഇടത്ത് നിന്ന് പുറത്തു പോകാതെ ഇരുന്നാല്‍ മാത്രം മതി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കാന്‍ സാധിക്കുന്ന ഒരു ധ്യാനമെന്നോ തപസ്സെന്നോ ഇതിനെ കരുതുക…
ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പത്രങ്ങള്‍ വായിക്കുകയാണിപ്പോള്‍ പതിവ്. ചാനലുകളിലെ വാര്‍ത്തകള്‍ സ്ഥിരമായി കണ്ടു മടുത്തു. ദൃശ്യമാധ്യമങ്ങള്‍ ക്രിക്കറ്റിലെ സ്കോര്‍ പറയുന്നതുപോലെ രാജ്യങ്ങളുടെ പേരും അവിടെ മണിക്കൂറിനുള്ളില്‍ പൊലിഞ്ഞു തീരുന്ന മനുഷ്യരുടെ എണ്ണവും പറഞ്ഞുകൊണ്ടേയിരിക്കുന്നു. എത്ര അസ്വസ്ഥതയാണത് സൃഷ്ടിക്കുന്നത്. മനസ്സ് ശാന്തമാക്കാന്‍ ചാനല്‍ മാറ്റും. പഴയ ചില പാട്ടുകളിലേക്ക്….പഴയ ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളിലേക്ക്….ഓര്‍മകള്‍ക്ക് എന്തു സുഗന്ധം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: