കൊച്ചി: പ്രളയകാലത്തെ സേവന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം ആവര്‍ത്തിക്കാന്‍ നടത്തിയ ശ്രമം പലര്‍ക്കും കൊറോണാ പ്രതിരോധത്തില്‍ പാളുന്നു. സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് ആവിഷ്കരിച്ച രാഷ്ട്രീയ പദ്ധതികള്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ നടക്കില്ലെന്നായി. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണ സംവിധാനം കൈയടക്കാനുള്ള മത്സരമാണ് അവര്‍ കാണിക്കുന്നത്. എന്നാല്‍ അവിടെയും ‘സഖാക്കള്‍ക്ക്’ അടിതെറ്റി.
സന്നദ്ധ സേവനത്തിന് ചിഹ്നവും അടയാളങ്ങളുമായി ആരും വരേണ്ടെന്നും സേവന പ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ മതിയെന്നും മറ്റുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍. എന്നാല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പാസ് ആവശ്യപ്പെട്ടവര്‍ക്കും അനുമതി നല്കാന് തുടക്കത്തില്‍ സര്‍ക്കാര്‍ തയാറായില്ല. പാര്‍ട്ടി നിശ്ചയിക്കുന്നവര്‍ക്കാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് പ്രാദേശിക ഓഫീസുകളും അനുമതി നല്‍കിയത്. ‘സഖാക്കള്‍ക്ക്’ പാസ് കിട്ടുകയും സേവാഭാരതിക്ക് കിട്ടാതെ വരികയും ചെയ്തു.
പക്ഷേ, തുടക്കത്തില്‍ ഇത്തരം രാഷ്ട്രീയം കാണിച്ചെങ്കിലും പ്രളയകാലത്തെപ്പോലെ ഇഷ്ടക്കാരായ രാഷ്ട്രീയക്കാരെ സേവനത്തിന് കിട്ടാതായി. ‘അപകടം പിടിച്ച’ മേഖലയായതിനാല്‍ വൈറസിനെ പേടിച്ച് പാര്‍ട്ടി അണികള്‍ മടിച്ചു. ഇതോടെ ജില്ലാ കളക്ടര്‍മാരും മറ്റുദ്യോഗസ്ഥരും സന്നദ്ധ സംഘടനകളുടെ സഹായം തേടിത്തുടങ്ങി.
ഈ സാഹചര്യത്തില്‍ നാട്ടുകാരെ പ്രവര്‍ത്തന മികവ് കാണിക്കാന്‍ സൗജന്യ റേഷന്‍ വിതരണ കേന്ദ്രത്തിലേക്കായി രാഷ്ട്രീയ താല്പര്യക്കാരുടെ ശ്രദ്ധ. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണ്. ഈ വിതരണ കേന്ദ്രങ്ങളായ റേഷന്‍ കടകള്‍ക്ക് മുന്നില്‍ ഇടതുപക്ഷ സര്‍ക്കാരിനും പിണറായി വിജയനും ഭക്ഷ്യ മന്ത്രി പി. തിലോത്തമനും നന്ദിയും അഭിവാദ്യവും അറിയിക്കുന്ന ബോര്‍ഡുകള്‍ വെച്ച് ഭരണമുന്നണിപ്പാര്ട്ടികള് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചു. ഇത് മറ്റു പാര്‍ട്ടികള്‍ എതിര്‍ത്തു. പാലക്കാട്ടും തലസ്ഥാനത്തും മറ്റും ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഈ പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും എടുപ്പിച്ചു.
സേവാഭാരതി പ്രവര്‍ത്തകര്‍ ഒരു വിളിപ്പാടകലെനിന്ന് നല്കുന്ന സേവനത്തിന് പ്രശംസയേറെ. എവിടെ ആര്‍ക്ക് ഭക്ഷണം ആവശ്യമുണ്ടോ അതെത്തിക്കാന്‍ സേവാ ഭാരതിയുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് 800 രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റാണ് സേവാ ഭാരതി നല്‍കുന്നത്. സഹായം ആവശ്യമുള്ളവര്‍ക്ക് സമ്പര്‍ക്കം ചെയ്യാന്‍ പരസ്യപ്പെടുത്തിയിരിക്കുന്ന നമ്പരുകളിലേക്ക് ഫോണ്‍വിളികള്‍ എത്തുന്നു. അതനുസരിച്ച് പ്രവര്‍ത്തകരെത്തി സഹായം നല്കുന്നു. പ്രതിദിനം ഇങ്ങനെ നൂറോളം ആളുകള്‍ക്ക് സഹായം നല്‍കുന്നതായി കൊച്ചിയില്‍ ചുമതല വഹിക്കുന്ന സേവാ ഭാരതി സെക്രട്ടറി മണികണ്ഠന് പറഞ്ഞു.
നാഗാലന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ എറണാകുളത്ത് വൈറ്റിലയില്‍ ഭക്ഷണമോ ആശ്രയമോ കിട്ടാതെ കഴിയുന്നതായി ട്വിറ്ററില്‍ ഒരു സന്ദേശം വന്നു. അതു കണ്ട് സേവാ ഭാരതിയെ അറിയിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു. ഇവര്‍ സഹായം ലഭിച്ചത് അറിയിക്കുകയും ആ വിവരം ട്വിറ്ററില്‍ സന്ദേശമാവുകയും ചെയ്തു.
പാസുകള്‍ ലഭിക്കാത്തതാണ് പ്രശ്നം. പാസ് ഇല്ലാത്തതിനാല്‍ ആദ്യ ദിവസങ്ങളില്‍ തടസമുണ്ടായി. എന്നാല്‍, ആവശ്യക്കാര്‍ വിളിക്കുന്നതും സമ്പര്‍ക്കം ചെയ്യുന്നതും സേവാ ഭാരതിയെയാണ്. അതിനാല്‍ വിട്ടുനില്‍ക്കാന്‍ കഴിയുന്നില്ല. പാസ് നല്കാന് അധികൃതര്‍ മടി കാണിക്കുകയാണ്. സേവാ ഭാരതി സന്നദ്ധമാണ്. ആവശ്യക്കാര്‍ക്ക് ഏ തെങ്കിലും മാര്‍ഗത്തില്‍ സഹയമെത്തിക്കും. അതിന് പ്രവര്‍ത്തകരുണ്ട്. ചില സര്‍ക്കാര്‍ അധികാരികള്‍ പോലും സേവാഭാരതിയുടെ സഹായം തേടുന്നുണ്ട്. പാസ് കിട്ടിയവരെ സേവനത്തിന് കിട്ടാത്തതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: